കൊച്ചി: സി.പി.എം നേതാവ് സൈമൺ ബ്രിട്ടോയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ഭാര്യ സീനാ ഭാസ്‌കറിന്റെ വെളിപ്പെടുത്തൽ വിവാദമായി. മരണത്തിലും മെഡിക്കൽ സർട്ടിഫിക്കറ്റിലുമുള്ള ചില പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് നീന വിവാദ പരാമർശം നടത്തിയത്. ബ്രിട്ടോ ഹൃദ്രോഗിയാണെന്നാണ് റിപ്പോർട്ടിലുള്ളത്. അത് തെറ്റാണ്. ബ്രിട്ടോയ്‌ക്കൊപ്പം 19-ാം വയസിൽ കൂടിയ തനിക്ക് അദ്ദേഹം ഹൃദ്രോഗത്തിന് ചികിത്സ നടത്തിയതായി അറിയില്ല. 64 വയസായിരുന്നു പ്രായം. മെഡിക്കൽ റിപ്പോർട്ടിൽ 68 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മരിച്ചതിനുശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും പറയുന്നു. പിന്നെങ്ങനെ ഹൃദ്രോഗിയായിരുന്നുവെന്ന് ഡോക്‌ടർമാർക്ക് മനസിലാകും. ബ്രിട്ടാേയ്‌ക്ക് ശരിയായ പരിചരണം ലഭിച്ചില്ല. മരണത്തിന് തലേദിവസം ബ്രിട്ടോ അഞ്ചു മണിക്കൂർ എന്തിന് എ.സിയിൽ ഇരുന്നുവെന്നും വ്യക്തമല്ല. ശ്വാസതടസമുണ്ടായപ്പോൾ ഒാക്സിജൻ സൗകര്യമുള്ള ആംബുലൻസ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും തരപ്പെടുത്തിയില്ല. അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ കൂടെയുള്ളവർ ആശുപത്രിയിൽ എത്തിച്ചില്ല. ചെറിയ രോഗം വന്നാൽപ്പോലും കാര്യമായി ശ്രദ്ധിക്കുന്നയാളാണ് ബ്രിട്ടോ എന്നും ഒരു സ്വകാര്യ ചാനൽ അഭിമുഖത്തിൽ സീന പറഞ്ഞു.
അവസാനദിവസം ബ്രിട്ടോയ്‌ക്ക് എന്തു സംഭവിച്ചെന്ന് അറിയണം. പലരും പലതും പറയുന്നു. തനിക്ക് സ്‌നേഹമില്ലാത്തതിനാൽ ബ്രിട്ടോ അസ്വസ്ഥനായിരുന്നുവെന്നും ചിലർ ആരാേപിക്കുന്നു. മരണദിവസം ബ്രിട്ടോയ്‌ക്കൊപ്പമില്ലായിരുന്നു. അന്ന് രാവിലെ നിരവധി തവണ വിളിച്ചിട്ടും ബ്രിട്ടോ ഫോണെടുത്തില്ല. ചാനലിൽ മരണവാർത്ത വന്നപ്പോൾ ബന്ധുക്കൾ വിളിച്ചാണ് വിവരങ്ങൾ പറഞ്ഞത്. ബഡ്ജറ്റിനുശേഷം വീട്ടിലെത്തുമെന്ന് അറിയിച്ച മന്ത്രി തോമസ് ഐസക്കിനോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്താനാണ് ആഗ്രഹിച്ചിരുന്നത്. അദ്ദേഹത്തോട് ആലോചിച്ച ശേഷം അന്വേഷണം ആവശ്യപ്പെടുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നും സീന വ്യക്തമാക്കി.
....