കൊച്ചി : ആർപ്പോ ആർത്തവം എന്ന പരിപാടി സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നെന്ന് ആരോപിച്ച് മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് പത്മജ. എസ്. മേനോൻ നൽകിയ പരാതി എറണാകുളം സി.ജെ.എം കോടതി കേസെടുക്കാൻ നിർദേശിച്ചു പൊലീസിനു കൈമാറി. എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്കാണ് പരാതി കൈമാറിയിട്ടുള്ളത്.
ആർപ്പോ ആർത്തവം എന്ന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച റാലിയും മറൈൻഡ്രൈവിലെ വേദിയുടെ മുന്നിലെ കവാടവും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു. വേദിക്കു മുന്നിൽ ഇന്ത്യൻ ഭരണഘടനയുടെ മാതൃക പ്രദർശിപ്പിച്ചത് ഭരണഘടനയെ അപമാനിക്കുന്ന തരത്തിലായിരുന്നു.
സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയാനുള്ള നിയമപ്രകാരം ഇതിന്റെ സംഘാടകർക്കെതിരെ കേസെടുക്കാനാവുമെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.