കൊച്ചി: കടുത്ത നെഞ്ചുവേദനയെ തുടർന്ന് എറണാകുളം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കപ്പെട്ട നടനും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ വെന്റിലേറ്ററിലേക്കു മാറ്റി.
മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്‌ടർമാർ പറയുന്നുണ്ടെങ്കിലും, ഹൃദയത്തിൽ നിന്ന് രക്തം പമ്പ് ചെയ്യുന്ന വെൻട്രിക്കിളുകളിൽ ഇടത്തേത് പൂർണമായും പ്രവർത്തനരഹിതമായതായി മെഡിക്കൽ ഡയറക്ർടർ പുറത്തിറക്കിയ ബുള്ളറ്റിൻ സ്ഥിരീകരിക്കുന്നു.
ഇന്നലെ രാവിലെ 9.30 ഓടെ പാലാരിവട്ടത്തെ സ്റ്റുഡിയോയിൽ ഡബ്ബിംഗിനിടെ നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ട ശ്രീനിവാസൻ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവർത്തനം ദുർബലമായതോടെയാണ് ഇന്റൻസീവ് കൊറോണറി കെയർ യൂണിറ്റിലേക്കു മാറ്റി ഉപകരണ സഹായത്തോടെ ശ്വാസം നൽകിത്തുടങ്ങിയത്.
ഉയർന്ന രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും നേരത്തേ തന്നെ ചികിത്സയിലായിരുന്ന 62-കാരനായ ശ്രീനിവാസന് ഹൃദ്രോഗമുള്ളതായും നേരത്തേ ഡോക്‌ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ ഭാര്യ വിമല, മക്കളായ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ ആശുപത്രിയിലുണ്ട്. നടൻ ദിലീപും ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖരും ആശുപത്രിയിലെത്തി വിവരങ്ങൾ അന്വേഷിച്ചു.