കൊച്ചി : കെ.എസ്.ആർ.ടി.സിക്ക് ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ വാങ്ങാനുള്ള ടെൻഡറിൽ സ്വകാര്യ കമ്പനിയെ പങ്കെടുപ്പിക്കണമെന്ന് ഗതാഗതമന്ത്രി നിർദ്ദേശിച്ചതെന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. മന്ത്രിക്ക് ഇക്കാര്യത്തിൽ പ്രത്യേക താത്പര്യമെന്താണെന്നും സിംഗിൾബെഞ്ച് വാക്കാൽ ആരാഞ്ഞു.
മെഷീനുകൾ വാങ്ങാനുള്ള ടെൻഡറിലെ പുതിയ വ്യവസ്ഥകൾക്കെതിരെ ബംഗളൂരുവിലെ മൈക്രോ എഫ്.എക്സ് കമ്പനി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. ഹർജിയിൽ പത്തു ദിവസത്തിനകം സർക്കാർ നിലപാട് അറിയിക്കണമെന്ന് നിർദ്ദേശിച്ച കോടതി ടെൻഡർ നടപടികൾ ഹർജിയിലെ തീർപ്പിനു വിധേയമായിരിക്കുമെന്നും വ്യക്തമാക്കി.
60,000 ലേറെ ടിക്കറ്റിംഗ് മെഷീനുകൾ വിവിധ സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്ക് സപ്ളൈ ചെയ്തിട്ടുണ്ടെന്നും പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തിയത് തങ്ങളെ ഒഴിവാക്കാനാണെന്നുമാണ് ഹർജിക്കാരുടെ വാദം. തുടർച്ചയായി മൂന്നുവർഷം പത്തുകോടി രൂപ വാർഷിക ടേൺഒാവർ വേണമെന്നും മൂവായിരം ജി.പി.ആർ.എസ് ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ ഏതെങ്കിലും സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്ക് സപ്ളൈ ചെയ്ത പരിചയം വേണമെന്നുമാണ് പുതിയ വ്യവസ്ഥ. ഈ വ്യവസ്ഥ അനാവശ്യമാണെന്ന് ഹർജിയിൽ പറയുന്നു.
തങ്ങളെ ടെൻഡറിൽ പങ്കെടുപ്പിക്കണം എന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രിക്ക് ജനുവരി 27ന് നിവേദനം നൽകിയെന്നും ഇത് കെ.എസ്.ആർ.ടി.സി എം.ഡിക്ക് ഫോർവേർഡ് ചെയ്തെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിവേദനം വ്യക്തിപരമായി പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചെന്നും ഹർജിയിൽ പറയുന്നു. തുടർന്നാണ് മന്ത്രിക്ക് എന്താണ് താത്പര്യമെന്ന് ഹൈക്കോടതി ചോദിച്ചത്.