school
കോലഞ്ചേരി സെന്റ്പീ​റ്റേഴ്‌സ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂൾ

കോലഞ്ചേരി: ശതാബ്ദിയുടെ നിറവിലാണ് കോലഞ്ചേരി സെന്റ്പീ​റ്റേഴ്‌സ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂൾ. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾക്ക് നാളെ തുടക്കമാകുമെന്ന് സ്‌കൂൾ മാനേജർ ഫാ. സി എം കുര്യാക്കോസ് പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് മൂന്നിന് ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. ഡോ. മാത്യൂസ് മാർ സെവേറിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനാകും.

സെന്റ് പീ​റ്റേഴ്‌സ് ആൻഡ് സെന്റ്‌പോൾസ് ഓർത്തഡോക്‌സ് പള്ളിക്ക് കീഴിൽ 1919ൽ സ്ഥാപിച്ച വിദ്യാലയമാണിത്. പ്രൈമറിയായിട്ടാണ് തുടക്കം. 1937 ൽ ഹൈസ്‌കൂളായി ഉയർത്തി. 1963ൽ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജും 1995ൽ വൊക്കേഷണൽ ഹയർ സെക്കൻഡറിയും 2000ൽ ഹയർ സെക്കൻഡറിയും 2005ൽ ബി എഡ് കോളേജും തുടങ്ങി. നിലവിൽ ഇവിടെ 1200 ഓളം വിദ്യാർത്ഥികളും എൺപതിലധികം ജീവനക്കാരുമുണ്ട്.

ഹൈടെക് സംവിധാനമുളള 26 ക്ലാസ് മുറികൾ, ഡിജി​റ്റൽ ലൈബ്രറി, വിശാലമായ കളിസ്ഥലം, നിലവാരമുളള ലാബുകൾ, തൊഴിൽ നൈപുണ്യം വളർത്തുന്ന അസാപ് പദ്ധതി തുടങ്ങിയവ സ്‌കൂളിന്റെ പ്രത്യേകതയാണ്. സംസ്ഥാനത്ത് ആദ്യമായി 2008ൽ പരീക്ഷണാടിസ്ഥാനത്തിൽ സ്​റ്റുഡന്റ്‌സ് പൊലീസ് പദ്ധതി ആരംഭിച്ചതും ഇവിടെയാണ്. ഇത് വിജയിച്ചതിനെ തുടർന്നാണ് പദ്ധതി സംസ്ഥാന വ്യാപകമാക്കിയത്. സിവിൽ സർവീസിലെ കേരളത്തിലെ ഒന്നാം റാങ്ക് ജേതാവ് ശിഖ സുരേന്ദ്രൻ അടക്കം നിരവധി പ്രമുഖരെ ഈ വിദ്യാലയം വാർത്തെടുത്തിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി എസ്.എസ്.എൽ.സി ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളിലും മികച്ച വിജമാണ് നേടുന്നത്.