മൂവാറ്റുപുഴ: നഗര വികസനത്തിന്റ ഭാഗമായി മൂവാറ്റുപുഴ കച്ചേരിത്താഴത്തെ കൊടുംവളവിലെ ബഹുനില മന്ദിരത്തിന്റെ സ്ഥലം ഏറ്റെടുത്ത് കെ.എസ്.ടി.പിക്ക് കൈമാറി. നഗരവികസനത്തിന് എന്നും തടസമായി നിന്ന കച്ചേരിത്താഴത്തെ കൊടുംവളവിലെ ബഹുനിലമന്ദിരത്തിന്റെ 62 സ്‌ക്വയർ മീറ്റർ സ്ഥലമാണ് റോഡ് നിർമ്മാണത്തിനായി ഏറ്റെടുക്കേണ്ടിയിരുന്നത്. ഈ സ്ഥലം റവന്യൂ വകുപ്പ് അളന്ന് കല്ലിടുകയും സ്ഥലത്തിന് പൊന്നും വില നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്ഥലം ഉടമ സാങ്കേതികത്വം നിരത്തി സ്ഥലത്തിനനുവദിച്ച പണം കൈപ്പറ്റാൻ തയ്യാറായില്ല. ഈ പണം കോടതിയിൽ കെട്ടിവച്ച ശേഷം മൂവാറ്റുപുഴ സബ്ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ഇന്നലെ രാവിലെ കാക്കനാട് സ്‌പെഷ്യൽ എൽ.എ തഹസിൽദാർ കെ.എം.എൽദോയുടെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് സംഘമാണ് സ്ഥലം ഏറ്റെടുത്ത് കൈമാറിയത്. കെ.എസ്.ടി.പി.യുടെ നിയമ നടപടികൾ പൂർത്തിയാക്കി അടുത്തദിവസം തന്നെ കെട്ടിടം പൊളിച്ച് മാറ്റും.
നഗര വികസനവുമായി ബന്ധപ്പെട്ട് പണം നൽകി ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ച് നീക്കി സ്ഥലമേറ്റെടുക്കുന്ന നടപടികളാണ് നടന്നുവരുന്നത്. ഇതിന് പുറമെ വെള്ളൂർകുന്നം മുതൽ കച്ചേരിത്താഴം വരെയുള്ള ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ അളന്ന് തിട്ടപ്പെടുത്തി പണം നൽകുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ഇതിനായി റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും നിയമിച്ചിട്ടുണ്ട്.