കൊച്ചി: സ്വകാര്യ മെഡിക്കൽ കോളേജിൽ നാലു വർഷത്തെ ഫീസ് ബാങ്ക് ഗാരന്റിയായി വാങ്ങാൻ അനുവദിക്കണമെന്നും അന്യസംസ്ഥാന വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ നിർദ്ദേശിക്കണമെന്നുമാവശ്യപ്പെട്ട് കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷനും കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജും നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കോഴ്സ് ഉപേക്ഷിച്ചു പോയാൽ കോളേജുകൾക്ക് വൻ നഷ്ടമുണ്ടാകുമെന്നും ഇതൊഴിവാക്കാൻ ഒരു വർഷത്തെ ഫീസ് മുൻകൂർ വാങ്ങുന്നതിനൊപ്പം നാലു വർഷത്തെ ഫീസ് ബാങ്ക് ഗാരന്റി വേണമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. 2017ലെ സ്വാശ്രയ നിയമപ്രകാരം ഇത് തലവരി വാങ്ങുന്നതിന് തുല്യമാണെന്ന് സർക്കാർ വാദിച്ചു.
മെരിറ്റ് അടിസ്ഥാനമാക്കി പ്രവേശനം നടത്തുന്നതിനാൽ പലർക്കും ബാങ്ക് ഗാരന്റി താങ്ങാനാവില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇതു ശരിവച്ച ഹൈക്കോടതി രക്ഷിതാക്കൾക്കും കുട്ടികൾക്കും ബാങ്ക് ഗാരന്റി അധിക ബാദ്ധ്യതയാകുമെന്ന് വിലയിരുത്തി.
കേരളത്തിൽ കോഴ്സ് ഉപേക്ഷിച്ചു പോകുന്ന മെഡിക്കൽ വിദ്യാർത്ഥികളുടെ എണ്ണം വളരെ കുറവാണ്. ഹർജിക്കാരുടെ ആവശ്യം അനുവദിച്ചാൽ കുട്ടികൾ മാനേജ്മെന്റിന്റെ കാരുണ്യത്തിന് കാത്തു നിൽക്കേണ്ടിവരും.
വൻ തുക നിക്ഷേപിച്ച് ബാങ്ക് ഗാരന്റിയെടുക്കുന്നത് സാധാരണക്കാരായ രക്ഷിതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഹൈക്കോടതി വിലയിരുത്തി.
കോളേജ് ട്രസ്റ്റികളുടെ ആശ്രിതർക്കും ജീവനക്കാർക്കും അഞ്ച് ശതമാനം പ്രിവിലേജ് സീറ്റു നൽകണമെന്ന ഹർജിക്കാരുടെ ആവശ്യത്തിന് നിയമത്തിന്റെ പിൻബലമില്ലെന്ന സർക്കാരിന്റെ വാദം ഹൈക്കോടതി ശരിവച്ചു. ഏതെങ്കിലും ട്രസ്റ്റോ സംഘടനയോ കോളേജ് നടത്തുന്നുവെന്ന കാരണത്താൽ അവരുടെ ആശ്രിതർക്കും അംഗങ്ങൾക്കും സംവരണം നൽകാനാവില്ല. ഇതനുവദിച്ചാൽ മാനേജ്മെന്റുകൾ മെരിറ്റ് ബലികഴിച്ച് ഇഷ്ടക്കാർക്ക് പ്രവേശനം നൽകുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
മെഡിക്കൽ സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്താൻ മാനേജ്മെന്റുകൾക്ക് അനുമതി നൽകണമെന്ന ആവശ്യവും അനുവദിച്ചില്ല.
അന്യ സംസ്ഥാന വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടേയുള്ളൂവെന്നും സർക്കാർ വ്യക്തമാക്കി.