കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിചാരണ നടത്താൻ പാലക്കാട് ജില്ലയിൽ വനിതാ ജഡ്‌ജിമാർ ലഭ്യമാണോയെന്ന് ഹൈക്കോടതി ആരാഞ്ഞു. വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്‌ജിയും വേണമെന്നാവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം ചോദിച്ചത്.
ഹർജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. നേരത്തെ ഇൗ ഹർജിയിൽ തൃശൂർ, എറണാകുളം ജില്ലകളിൽ വനിതാ ജഡ്‌ജിമാർ കേസ് കേൾക്കാൻ ഉണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി ജഡ്‌ജി വനിതയാണെന്ന് ഹൈക്കോടതി രജിസ്ട്രി ഇന്നലെ മറുപടി നൽകി. സി.ബി.ഐ കേസുകൾ മാത്രമേ ഇൗ കോടതിക്ക് പരിഗണിക്കാനാവൂ.
തൃശൂരിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയും മോട്ടോർ ആക്സിഡന്റ് ക്ളെയിം ട്രിബ്യൂണൽ ജഡ്ജിയും വനിതകളാണ്. എന്നാൽ കേസുകളുടെ ബാഹുല്യം ഏറെയാണെന്നും രജിസ്ട്രി വിശദീകരിച്ചു.
പ്രത്യേക കോടതിയും വനിതാ ജഡ്‌ജിയും വേണമെന്ന ഹർജിക്കാരിയുടെ നിലപാട് അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയ സർക്കാർ അഭിഭാഷകൻ ഹൈക്കോടതി നിർദേശിച്ചാൽ ഇതിനായി വിജ്ഞാപനം ഇറക്കാമെന്നും വിശദീകരിച്ചു. തുടർന്നാണ് പാലക്കാട് ജില്ലയിലെ വനിതാ ജഡ്‌ജിമാരുടെ വിവരങ്ങൾ കൂടി അറിയിക്കാൻ നിർദേശിച്ചത്.