കൊച്ചി : ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നിർദേശപ്രകാരം കേബിൾ ടി.വി സർവീസുകളിലും ഡി.ടി.എച്ച് സർവീസുകളിലും വെള്ളിയാഴ്ച മുതൽ മാറ്റങ്ങൾ വരുത്തുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു.
തിരക്കിട്ട് മാറ്റങ്ങൾ വരുത്തുന്നതിനെതിരെ കൊല്ലം ഇന്റർനെറ്റ് കേബിൾ ഡിസ്ട്രിബ്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജിയാണിത്. ഫെബ്രുവരി ഒന്നു മുതൽ മാറ്റങ്ങൾ നടപ്പാക്കുന്നത് ഉപഭോക്താക്കളെ ബാധിക്കുമെന്നും മതിയായ ബോധവത്കരണം ഉണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.
പേ ചാനലുകൾക്ക് മാത്രമാണ് നിയന്ത്രണമെന്നും ഫ്രീ ചാനലുകൾക്ക് നിയന്ത്രണം ഇല്ലെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി. സുപ്രീം കോടതിയും രാജ്യത്തെ വിവിധ ഹൈക്കോടതികളും അംഗീകരിച്ച നയമാണിതെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു. ഹർജി ഫെബ്രുവരി എട്ടിന് പരിഗണിക്കും.