ഇടുക്കി: സംസ്ഥാനത്തെ ആദ്യ സമ്പൂർണ ജൈവ തേൻ ഗ്രാമമായ ഉടുമ്പന്നൂർ തേനീച്ചകൃഷിയിൽ കുടുതൽ മുന്നേറ്റത്തിനൊരുങ്ങുന്നു. ഹോർട്ടികോർപിന്റെ സഹകരണത്തോടെ ഉടുമ്പന്നൂർ കൃഷിഭവനുമായി സഹകരിച്ച് കേരള ഓർഗാനിക് ഡവലപ്മെന്റ് സൊസൈറ്റിയുടെ (കോഡ്സ്) ആഭിമുഖ്യത്തിൽ കർഷകർക്ക് വർഷംതോറും നൽകിവരുന്ന സൗജന്യ തേനീച്ച വളർത്തൽ പരിശീലനം കൂടുതൽ വ്യാപകമായി നൽകുകയാണ് ഇപ്പോൾ. ഉടുമ്പന്നൂർ പഞ്ചായത്തിൽ മാത്രം 825 തേനീച്ച കർഷകരാണ് കാര്യക്ഷമമായി പ്രവർത്തിക്കുന്നത്. ഇവർ ഉത്പാദിപ്പിക്കുന്ന മുഴുവൻ തേനും കോഡ്സ് നേരിട്ട് വില നൽകി സംഭരിക്കുകയാണ്. കേരളത്തിലെ വിവിധ ജില്ലകളിലേക്കും ചെന്നൈ, ബാംഗ്ലൂർ, ബോംബെ എന്നിവിടങ്ങളിലും വിദേശത്തേക്കും തേൻ കോഡ്സിൽ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. 12 ടണ്ണോളം തേനാണ് ഈ വർഷം ഉടുമ്പന്നൂരിലെ തേനീച്ച കർഷകർ ഉത്പാദിപ്പിച്ചത്. തേൻ കൂടാതെ മെഴുക്, പൂമ്പൊടി എന്നിവയും കോഡ്സ് സംഭരിച്ച് വിവിധ ഔഷധങ്ങളാക്കി വിൽപ്പന നടത്തുന്നു. ഒരു തേനീച്ച കോളനിയിൽ നിന്ന് ശരാശരി ഒരു മാസം കൊണ്ട് 15 കിലോഗ്രാം തേൻ ലഭിക്കും. സർക്കാർ നിശ്ചയിച്ച തുകയായ ലിറ്ററിന് ഏകദേശം 200 രൂപ നിരക്കിലാണ് കോഡ്സ് കർഷകരിൽ നിന്ന് തേൻ വാങ്ങുന്നത്. സ്വന്തം പറമ്പിലെ മരങ്ങൾക്കിടയിലായി ക്രമീകരിക്കാവുന്ന തേൻ പെട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസത്തെ പരിചരണം മതിയെന്ന് കർഷകർ പറയുന്നു. തേനിന്റെ ഔഷധ ഗുണങ്ങൾ അറിഞ്ഞു കൊണ്ട് തേൻ കൃഷി ചെയ്യാൻ താത്പര്യപ്പെടുന്ന കർഷകരുടെ എണ്ണം വർധിച്ചുവരികയാണെന്ന് കർഷകർ പറയുന്നു. കൂടാതെ ഹോർട്ടികോർപ് സബ്സിഡിയായി കർഷകർക്ക് തേനീച്ചകളും തേൻ പെട്ടികളും നൽകുന്നതും തേൻകൃഷി കൂടുതൽ വ്യാപകമാകാൻ സഹായിക്കും. തേനീച്ച റാണി ഉൾപ്പെടുന്ന ഒരു പെട്ടിക്ക് 1500-2000 രൂപ നിരക്കിലാണ് കർഷകർക്ക് നൽകുന്നത്. കൂടാതെ തേൻ എടുക്കുന്നതിനായുള്ള യന്ത്രങ്ങളും സബ്സിഡിയായി കോഡ്സ് നൽകുന്നു.