ഇടുക്കി: ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ 'വയോമധുരം" എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ വിതരണം ചെയ്തു. ഏകദേശം രണ്ടായിരത്തോളം രൂപ വിലവരുന്ന 135 ഉപകരണങ്ങളാണ് ആദ്യഘട്ടത്തിൽ നൽകിയത്. മന്ത്രി എം.എം. മണി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. 60 വയസ് തികഞ്ഞവർക്കും ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇനിമുതൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വയോജനങ്ങൾക്ക് വീട്ടിലിരുന്ന് നിർണയിക്കാം. ഗ്ലൂക്കോമീറ്ററിന്റെ ഉപയോഗ രീതി സംബന്ധിച്ച് വയോജനങ്ങൾക്ക് ആരോഗ്യവകുപ്പിലെ വിദഗ്ദ്ധർ ക്ലാസ് നയിച്ചു. അടിമാലി വ്യാപാരഭവനിൽ നടന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ജോർജ്ജ് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ സോഫി ജേക്കബ്, പിങ്കി കെ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.