തൊടുപുഴ: പഴവർഗവിളയിൽ അനന്തസാധ്യതകളുള്ള കേരളത്തിൽ വിപണിയറിഞ്ഞ് കൃഷിയിറക്കുന്ന കർഷകർക്ക് ഒരിക്കലും നഷ്ടക്കണക്കുണ്ടാവില്ലെന്ന് ഹോം ഗ്രോൺ മാനേജിംഗ് ഡയറക്ടർ ജോസ് ജേക്കബ്ബ് പറഞ്ഞു.
ഗാന്ധിജി സ്റ്റഡിസെന്റർ കാർഷിക മേളയോടുബന്ധിച്ച് നടത്തിയ പഴവർഗകൃഷി സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി ഒട്ടേറെ കർഷകർ പഴവർഗ കൃഷിയിലേയ്ക്ക് തിരിഞ്ഞിട്ടുണ്ട്. വിപണി കണ്ടെത്തി കൃഷി നടത്തുന്ന കർഷകരും ഇന്ന് ഒട്ടേറെയാണ്. കേരളത്തിൽ നല്ലവിളവു തരുന്ന അനേകം വിദേശവിളകളുണ്ട്.
കൃഷി ചെയ്യുന്നത് വ്യക്തികളായാലും ഗ്രൂപ്പുകളായാലും വിഭവങ്ങൾ വിറ്റഴിക്കാൻ മർഗമുണ്ടായാലേ ലാഭമുണ്ടാകൂ എന്ന് കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജോർജ് കെ. മത്തായി പറഞ്ഞു. മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടെ നിർമ്മാണത്തിന് ഒട്ടേറെ സാധ്യതകളുണ്ട്. കാർഷികമേഖലയ്ക്കാവശ്യമായ ഗുണമേന്മയുള്ള വിത്ത്, വളം എന്നിവയോടൊപ്പം മണ്ണ്, ജലം, കാലാവസ്ഥ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും കർഷകർക്ക് നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഷാജി ജോസഫ് കൊച്ചുകുടി അദ്ധ്യക്ഷത വഹിച്ചു. ആന്റണി കണ്ടിരിക്കൽ, ഡോ. റ്റി. മായ, നോബിൾ അമംതുരുത്തേൽ, മേരി ആന്റണി എന്നിവർ സംസാരിച്ചു.
കേരളത്തിൽ വിളയുന്ന ഫലവർഗങ്ങൾ
സപ്പോട്ടയുടെ കുടുംബത്തിലെ അംഗമായ അബിയു, വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയായ ദുരിയാൻ, ഇടുക്കിയിലും വയനാട്ടിലും വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്ത് വ്യത്യസ്തസീസണുകളിൽ പഴങ്ങൾ വിളയിക്കാൻ കഴിയുന്ന മാങ്കോസ്റ്റിൻ, പഴവർഗ കൃഷിയിൽ പുതുചലനമുണ്ടാക്കിയ റംബൂട്ടാൻ, വളരെ വേഗം ഫലം തരുന്ന വിയറ്റ്നാം സൂപ്പർഏർലി എന്നയിനം ചക്ക, ചൈനയുടെ സ്വന്തം ഫലമായ ലോങ്ങൻ, സ്വാദിൽ റംബൂട്ടാനോട് ഏറെ സാമ്യം പുലർത്തുന്ന പുലാസാൻ, കാൻസറിനെ പ്രതിരോധിക്കുന്ന നിരോക്സീകാരകങ്ങളുടെ കലവറയായ ലോങ്കോങ്ങ്, ചെമ്പടാക്ക്, അവൊക്കാഡോ എന്നീ പഴവർഗങ്ങൾ കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുമെന്ന് സെമിനാർ വിലയിരുത്തി.