ഇടുക്കി : ഇടുക്കിയിൽ നിന്നും പതിനായിരങ്ങൾ അങ്കമാലി ജംഗ്ഷൻ മുതൽ ദേശംവരെയുള്ള 10 കിലോമീറ്റർ ദേശിയപാതയിലെ വനിതാമതിലിൽ അണിനിരന്നു. ജില്ലയിൽ നിന്നും 30,000 വനിതകളെ അണിനിരത്തുന്നതിനാണ് സംസ്ഥാന സംഘാടക സമിതി നിർദ്ദേശിച്ചിരുന്നതെങ്കിലും നവോത്ഥാന മൂല്യങ്ങളെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കാൻ 45,000 ത്തിൽ പരം സ്ത്രീകളാണ് പങ്കെടുത്തത്. നാല് മണിക്ക് അണിനിരക്കേണ്ട മതിലിൽ പങ്കുചേരാൻ ഉച്ചയ്ക്ക് രണ്ട് മുതൽ തന്നെ ജില്ലയിലെ വിവിധ പ്രേദേശങ്ങളിൽ നിന്നുള്ള വനിതകൾ 14 മേഖലാടിസ്ഥാനത്തിൽ ദേശീയപാതയ്ക്കരുകിൽ തടിച്ചുകൂടി. അടിമാലി, മൂന്നാർ, മറയൂർ, രാജാക്കാട്, ശാന്തൻപാറ, നെടുങ്കണ്ടം, കട്ടപ്പന, ഇടുക്കി, കരിമണ്ണൂർ, തൊടുപുഴ, മൂലമറ്റം, വണ്ടൻമേട്, ഏലപ്പാറ, പീരുമേട് മേഖലകൾ എന്ന ക്രമത്തിലാണ് വനിതകൾ അണിനിരന്നത്. വനിതാമതിലിന് അഭിവാദ്യം അർപ്പിക്കാൻ മന്ത്രി എം.എം മണി, അഡ്വ.ജോയ്സ് ജോർജ് എം.പി, എൽദോ എബ്രഹാം, ഇ.എസ്.ബിജിമോൾ തുടങ്ങിയ ജനപ്രതിനിധികളും മുൻ എം.എൽ.എമാരായ കെ.കെ ജയചന്ദ്രൻ, ജോസ് തെറ്റയിൽ എന്നിവരും കെ.കെ ശിവരാമാൻ, സി.വി വർഗീസ് തുടങ്ങിയ പൊതുപ്രവർത്തകരുമെത്തി.

അടിമാലി മേഖലയിൽ നിന്നുള്ളവർ അങ്കമാലി സിഗ്നൽ ജംഗ്ഷൻ മുതൽ നിർമ്മൽജ്യോതി കോളേജ് വരെ അണിനിരന്നപ്പോൾ മൂന്നാർ മേഖലയിൽ നിന്നുള്ളവർ നിർമ്മൽജ്യോതി കോളേജ് മുതൽ അങ്കമാലി റയിൽവെ സ്റ്റേഷൻ ബസ് സ്റ്റോപ്പ് വരെ പങ്കെടുത്തു. മറയൂർ മേഖലയിൽ നിന്നുള്ളവർ റയിൽവേ സ്റ്റേഷൻ സ്റ്റോപ്പ് മുതൽ റയിൽവേ ഓവർബ്രിഡ്ജ് പകുതി വരെയും രാജാക്കാട് മേഖലയിൽ നിന്നുള്ളവർ റയിൽവെ ഓവർബ്രിഡ്ജ് മുതൽ അങ്കമാലി മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജിന് സമീപം ചെറിയവാപ്പാലശേരി മോർ ഇഗ്നാത്തിയോസ് കുരിശുംതൊട്ടി വരെയും, ശാന്തൻപാറ മേഖല ചെറിയവാപ്പാലശേരി കുരിശുംതൊട്ടി മുതൽ കരിയാട് വളവ്പാലം വരെയും പങ്കുചേർന്നു. നെടുങ്കണ്ടം മേഖല കരിയാട് വളവ് പാലം മുതൽ പട്ടരുമഠം ഡിസ്‌പെൻസറിക്ക് സമീപം വരെ, കട്ടപ്പന മേഖല കരിയാട് കാർണിവൽ സിനിമാസ് മുതൽ മാർ അനേഷ്യസ് എച്ച്.എസ്.എസ് വരെ, ഇടുക്കി മേഖല മാർ അനേഷ്യസ് എച്ച്.എസ്.എസ് മുതൽ കോൺഫിഡന്റ് കാർസ് വരെ, കരിമണ്ണൂർ മേഖല കോൺഫിഡന്റ് കാർസ് മുതൽ അത്താണി കാംകോഗേറ്റ് വരെ, തൊടുപുഴ മേഖല കാംകോഗേറ്റ് മുതൽ കോട്ടായി പാലം വരെ , മൂലമറ്റം മേഖല കോട്ടായി പാലം മുതൽ കോട്ടായി പോപ്പുലർ ജെ.സി.ബി വരെ, വണ്ടൻമേട് മേഖല ഭാരത് ബെൻസ് ഷോറൂം പരിസരം മുതൽ പറമ്പയം ബസ് സ്റ്റോപ്പ് വരെ, ഏലപ്പാറ മേഖല പറമ്പയം മുതൽ ദേശം കവല , പീരുമേട് മേഖല ഹ്യൂണ്ടായി കാർ ഷോറൂം മുതൽ ദേശം കുന്നുപുറം നിസാൻ ഓട്ടോമൊബൈൽ ഷോപ്പ് വരെയുമാണ് നവോത്ഥാന മതിലിൽ അണിനിരന്നത്.