പീരുമേട്: മലയോര കർഷകരുടെ പട്ടയസ്വപ്നം പൂവണിയാൻ ഇനി ദിവസങ്ങൾ മാത്രം. ഈ മാസം 22ന് പട്ടയമേള നടത്തുന്നിതിനുള്ള ഒരുക്കങ്ങളാണ് റവന്യുവകുപ്പിൽ പുരോഗമിക്കുന്നത്.

പീരുമേട് താലൂക്കിലെ എട്ട് വില്ലേജുകളിൽ നിന്നായി അയ്യായിരത്തോളം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇതിൽ ബിനാമി പേരുകളും സാങ്കേതിക തടസങ്ങളും ഒഴിവാക്കി സൂക്ഷ്മപരിശോധന പൂർത്തിയാക്കിയ 750 പേർക്ക് പട്ടയം നൽകാനുള്ള നടപടികളാണ് പൂർത്തിയായിവരുന്നത്. കുമളി, പെരിയാർ, ഉപ്പുതറ, വാഗമൺ വില്ലേജുകളിൽ 22ന് പട്ടയവിതരണം നടത്തും. പ്രശ്നബാധിത മേഖലയായ വാഗമൺ വില്ലേജിലെ അപേക്ഷകൾ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ പരിഗണനയിലാണ്. ഇത് സംബന്ധിച്ച പരിശോധന റിപ്പോർട്ട് കളക്ടർക്ക് ലഭിച്ചശേഷം മാത്രമെ അന്തിമതീരുമാനം ഉണ്ടാകു. നേരത്തെ ഭൂമിപതിവ് കമ്മിറ്റി പാസാക്കിയ അപേക്ഷകളിൽ അപാകത കണ്ടെത്തിയതിനെത്തുടർന്നാണ് വാഗമൺ വില്ലേജിലെ അപേക്ഷകൾ പരിശോധിക്കാൻ പ്രത്യേകസംഘത്തെ ജില്ല കളക്ടർ നിയോഗിച്ചിരിക്കുന്നത്.

വാഗമണ്ണിലെ സർവേ നമ്പർ 654 ൽപ്പെട്ട പ്രദേശത്ത് 300 പേർക്ക് പട്ടയം ലഭിക്കും. ഇതിന് എന്തെങ്കിലും സാങ്കേതിക തടസമുണ്ടായാൽ 22ന് മറ്റ് മൂന്നു വില്ലേജുകളിൽ 450 നും 500 നും ഇടയിൽ പട്ടയം വിതരണം ചെയ്യും. വിവിധ വില്ലേജുകളിലായി അപാകതകണ്ടെത്തിയ 300 അപേക്ഷകൾ നിരസിച്ചിട്ടുമുണ്ട്. ഇതര ജില്ലക്കാർ, റിസോർട്ട് ഉടമകൾ, ബിനാമി പേരിലുള്ള അപേക്ഷകൾ എന്നിവയെല്ലാം ഒഴിവാക്കി സാധാരണക്കാരായ സ്ഥിരതാമസക്കാർക്ക് പട്ടയം നൽകുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഭൂമിപതിവ് തഹസിൽദാർ പറഞ്ഞു. 2015 ലാണ് പീരുമേട്ടിൽ ഭൂമിപതിവ് ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചത്. ഇതിനോടകം 1,500 കർഷകർക്ക് ഈ ഓഫീസ് വഴി പട്ടയം നൽകിയിട്ടുണ്ട്.

മഞ്ചുമല, പീരുമേട്, ഏലപ്പാറ വില്ലേജുകളിൽ സാങ്കേതിക തടസം

മഞ്ചുമല വില്ലേജിലെ അപേക്ഷകർക്ക് ഇത്തവണ പട്ടയം ലഭിക്കാനുള്ള സാധ്യത വിരളമാണെന്നാണ് സൂചന. വിനോദസഞ്ചാര കേന്ദ്രമായ സത്രത്തിനു സമീപം നേരത്തെ ചില വ്യക്തികൾക്ക് പട്ടയം നൽകിയത് വിവാദമായിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം പൂർത്തിയാകാത്തതാണ് മഞ്ചുമല വില്ലേജിനെ പട്ടയമേളയിൽ നിന്ന് ഒഴിവാക്കാനുള്ള പ്രധാന കാരണം. കഴിഞ്ഞമാസം കൂടിയ ഭൂമിപതിവ് കമ്മിറ്റിയിൽ മഞ്ചുമല വില്ലേജിൽ നിന്നുള്ള അപേക്ഷകൾ പരിഗണിച്ചെങ്കിലും ഇത്തവണ പട്ടയം നൽകാൻ സാധ്യതയില്ല.

പീരുമേട് വില്ലേജിലെ ചില അപേക്ഷകളിൽ രേഖപ്പെടുത്തിയിരിക്കുന്ന സർവേനമ്പരിൽ സാങ്കേതിക തകരാർ കണ്ടെത്തിയതാണ് ഇവിടുത്തെ പട്ടതവിതരണത്തിന് തടസമാകുന്നത്. അപേക്ഷകർ നൽകിയിരിക്കുന്ന സർവേനമ്പർ നേരത്തെ പട്ടയം നൽകിയിട്ടുള്ള തേയില തോട്ടങ്ങളാണെന്നാണ് സാറ്റലൈറ്റ് സർവേ വഴിയുള്ള പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. തോട്ടങ്ങളിൽ പലതും ഉടമകൾ ഉപേക്ഷിച്ചുപോയതാണെങ്കിലും ഇതിൽ പുതിയതായി പട്ടയം അനുവദിക്കാൻ കഴിയില്ല. ഏലപ്പാറ വില്ലേജിലും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.