kk
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കാൽവരി മൗണ്ടിൽ വിനോദസഞ്ചാരികൾക്ക് താമസം ഒരുക്കുന്നതിനായി നിർമ്മിച്ച ടൂറിസം സെന്റർ

ചെറുതോണി: സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ കാൽവരി മൗണ്ട് മലനിരയിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കാൽവരിമൗണ്ട് ടൂറിസം സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം റോഷി അഗസ്റ്റിൻ എം.എൽ.എ നിർവ്വഹിച്ചു. ഇടുക്കി ജലാശയവും വനമേഖലയും ഒരു വശത്തും മറുവശത്ത് പശ്ചിമഘട്ട മലനിരകളും റൂമിലിരുന്ന് തന്നെ കാണത്തക്കവിധം ഉയർന്ന പ്രദേശത്താണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. രണ്ടു ബെഡ്‌റൂം, ഒരു ബെഡ്‌റൂം, പാർക്കിംഗ്, ക്യാന്റീൻ സൗകര്യങ്ങളും ടൂറിസം സെന്ററിന്റെ ഭാഗമായിട്ടുണ്ട്. ഒരു മാസത്തിനകം സൗകര്യങ്ങൾ പൂർത്തിയാക്കി ദിവസ വാടകയ്ക്ക് സഞ്ചാരികൾക്ക് നൽകാനാകും. പ്രദേശവാസിയായ തോമസ് മാത്യു മുതുപ്ലാക്കലാണ് കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് സംഭാവന ചെയ്തത്. യോഗത്തിൽ തോമസ് മാത്യുവിനെ ആദരിച്ചു. ഇടുക്കി ആർച്ച് ഡാമിൽ നിന്ന് 10 കിലോ മീറ്ററിൽ താഴെ ദൂരം മാത്രം മതി കാൽവരി മൗണ്ട് മലമുകളിൽ എത്തിച്ചേരാൻ. ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ച് ജനുവരി 20 വരെ എല്ലാ ദിവസവും ശനി, ഞായർ പൊതു ഒഴിവു ദിവസങ്ങളിലും ഇടുക്കി ഡാം സന്ദർശിക്കുന്നതിനും ജലാശയത്തിൽ ബോട്ടിംഗിനും സൗകര്യമുള്ളതിനാൽ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി നിരവധി സഞ്ചാരികൾ ഇവിടെ എത്തിച്ചേരുന്നുണ്ട്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യ പ്രഭാഷണം നൽകി.