തൊടുപുഴ: വനിതാമതിലിനെ സഹായിക്കാൻ വിദ്യാലയങ്ങൾക്ക് അവധിനൽകിയ നടപടിയിൽ പ്രതിഷേധിച്ച് കെ.പിഎസ്.റ്റി.എ ഡിഡി ഓഫീസിനു മുമ്പിൽ സമരം ചെയ്തു.

അവധിയുമായി ബന്ധപ്പെട്ട വാർത്തയുടെ നിജസ്ഥിതി അറിയാൻ അധികൃതരെ വിളിച്ചവർക്ക് ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് ലഭിച്ചതെന്ന് കെ.പിഎസ്.റ്റി.എ ഭാരവാഹികൾ പറഞ്ഞു. വാർത്ത നിഷേധിക്കാനാ, സ്ഥിരീകരിക്കാനോ അധികൃതർ തയ്യാറായില്ല. ഇതുമൂലമുള്ള അവ്യക്തതകാരണം ഭൂരിപക്ഷം വിദ്യാലയങ്ങൾ അവധി നൽകുകയും ചുരുക്കം ചിലത് തുറന്നു പ്രവർത്തിക്കുകയും ചെയ്തു. വനിതാമതിൽ വിജയിപ്പിക്കുന്നതിനു വേണ്ടിയാണ് ഒരുപ്രവൃത്തിദിനം നഷ്ടപ്പെടുന്ന തരത്തിലുള്ള ഉരുണ്ടുകളി നടത്തിയത്. പ്രളയംമൂലം നഷ്ടപ്പെട്ട പ്രവർത്തിദിനങ്ങൾക്ക് പകരമായി ശനിയാഴ്ചകളിൽ ജോലി ചെയ്തും, സ്കൂൾ കലോത്സവങ്ങൾ ഞായറാഴ്ചകളിലും പൊതു അവധിദിവസങ്ങളിലും നടത്തിയും അദ്ധ്യായനദിനങ്ങൾ വീണ്ടെടുക്കാൻ ജോലി ചെയ്യുന്ന അദ്ധ്യാപകരെ പരിഹസിക്കുന്നതാണ് വിദ്യാഭ്യാസവകുപ്പിന്റെ നടപടി. ഈ സാഹചര്യത്തിൽ പ്രളയംമൂലം നഷ്ടപ്പെട്ട അദ്ധ്യായന ദിനങ്ങളുമായി സഹകരിക്കില്ലെന്നും കെ.പി.എസ്.റ്റി.എ പ്രഖ്യാപിച്ചു. ഇടുക്കി ഡി.ഡി ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധസമരം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഡി.ഡി ഓഫീസിനു മുമ്പിൽ അദ്ധ്യാപകർ പ്രതിഷേധ മതിൽതീർത്തു. ജില്ലാ പ്രസിഡന്റ് വി.എം ഫിലിപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി.