kk
ചാരായ വാറ്റ് സംഘത്തെ വാറ്റ് ഉപകരണങ്ങൾ സഹിതം എക്‌സൈസ് സംഘം പിടികൂടിയപ്പോൾ

ചെറുതോണി: ചാരായം വാറ്റി വിൽപ്പന നടത്തിയ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. ഇടുക്കി മരിയാപുരം അമ്പഴത്തിങ്കൽ ഷൈജു ജയിംസ് (46), വെട്ടുകല്ലാംകുഴി ജിജി ജോസഫ് ( 49) എന്നിവരാണ് ഇടുക്കി എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. ഷൈജു ജയിംസിന്റെ പുരയിടത്തിൽ നിന്നാണ് വാറ്റുപകരണങ്ങളും 60 ലിറ്റർ കോടയും പിടിച്ചെടുത്തത്. ഇയാളുടെ വീടിനുള്ളിൽ നിന്നും എട്ട് ലിറ്റർ വാറ്റു ചാരായവും കണ്ടെടുത്തു. വാറ്റിയെടുക്കുന്ന ചാരായം വിൽപ്പന നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ഷൈജു ജയിംസിനെ 14 കിലോ കഞ്ചാവുമായി തൃശൂർ എക്‌സൈസ് സംഘം നാല് വർഷം മുൻപ് പിടികൂടിയിരുന്നു. അതിന്റെ കേസ് നിലവിലുണ്ട്. ത്രാസ് ,ഗ്യാസ് അടുപ്പ്, പാത്രങ്ങൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രിവന്റീവ് ഓഫീസർ റെജി ജോർജ്, മനോജ് മാത്യൂ, ഷാജി ജയിംസ്, ടി.കെ. വിനോദ് , സിവിൽ എക്‌സൈസ് ഓഫീസർമാരായ ജലീൽ, അനൂപ്, ബിജു, വനിത സിവിൽ എക്‌സൈസ് ഓഫീസർ സുരഭി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.