വണ്ടിപ്പെരിയാർ: അംഗീകാരനിറവിൽ വഞ്ചിവയൽ ഗോത്രവർഗ കോളനി. സംസ്ഥാനത്തെ മികച്ച ജൈവ ഊരിനുള്ള രണ്ടാം സ്ഥാനമാണ് വള്ളക്കടവ് വഞ്ചിവയൽ ഗോത്രവർഗ ഊരിന് ലഭിച്ചത്.
രണ്ട് ലക്ഷംരുപയും പുരസ്‌കാരവുമാണ് സമ്മാനം. കൃഷിവകുപ്പു തൃശൂരിൽ സംഘടിപ്പിച്ച വൈഗയെന്ന പരിപാടിയിൽ മന്ത്രി വി.എസ്.സുനിൽകുമാർ പുരസ്‌കാരം സമ്മാനിച്ചു. വഞ്ചിവയൽ ഊരിൽ 83 കുടുംബങ്ങളാണ് താമസിക്കുന്നത് . വള്ളക്കടവിൽ നിന്നും മൂന്നര കിലോമീറ്റർ ദൂരം പെരിയാർ കടുവ സങ്കേതത്തിലൂടെ സഞ്ചരിച്ചു വേണം കോളനിയിലെത്താൻ. കൃഷിയും, വനവിഭത്തിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് ഊരിലെ ജീവനോപാധി. കുറച്ചുപേർക്ക് സർക്കാർ ജോലി ഉണ്ടെങ്കിലും കൂടുതൽ ആളുകൾ കൃഷിപ്പണിയിലാണ് ശ്രദ്ധ ചെലുത്തുന്നത്.
കുരുമുളകും കാപ്പിയുമാണ് പ്രധാന വിളകൾ. കുരുമുളകിന് ജൈവ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. എല്ലാ വർഷവും 40 ടൺ കുരുമുളകും, എട്ട് ടൺ കാപ്പിയും ഉൽപ്പാദിപ്പിക്കുന്നുണ്ട്. ചാണകവും, പച്ചിലയും മാത്രമാണ് വളമായി ഉപയോഗിക്കുന്നത്.
ഊരിലെ എല്ലാ കുടുംബങ്ങളെയും ഉൾപ്പെടുത്തി വനംവകുപ്പ് എക്കോ ഡവലപ്പെന്റെ കമ്മറ്റിയും (ഇ.ഡി.സി) രൂപികരിച്ചിട്ടുണ്ട്. ഈ കമ്മറ്റിയുടെ മേൽനോട്ടത്തിലാണ് വിപണി കണ്ടെത്തുന്നത്. ഇ.ഡി.സി. കൂട്ടായ്മയുടെ വിജയമാണ് പുരസ്കാരത്തിന് വഴിയൊരുക്കിയത്. ഇ.സി.സി. ഫെസിലേറ്റർ പി. എൻ.സെബാസ്റ്റ്യൻ, വണ്ടിപ്പെരിയാർ കൃഷി ആഫിസർ പ്രശാന്ത് എന്നിവർക്കൊപ്പം വനംവകുപ്പിന്റെയും എല്ലാ വിവിധ സഹകരണവും ഇവരുടെ ജൈവകൃഷിയ്ക്കു ലഭിക്കുണ്ട്.