പീരുമേട്: ഏലപ്പാറ പഞ്ചായത്തിലെ മാലിന്യപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി.
ആന്റി കറപ്ഷൻ വിംഗ് ജില്ലാ പ്രസിഡന്റ് ഷിബു കെ. തമ്പിയാണ് പരാതിക്കാരൻ. പഞ്ചായത്ത് പ്രദേശത്ത് നിന്നും ശേഖരിക്കുന്ന മാലിന്യം സംസ്ഥാനപാതയോരത്ത് ഒന്നാം മൈലിലാണ് തള്ളുന്നത്. കൃത്യമായ ഇടവേളകളിൽ പഞ്ചായത്ത് മാലിന്യം നീക്കം ചെയ്യുന്നില്ലന്നാണ് പരാതിയിലെ ആരോപണം. എലപ്പാറ ടൗൺ, സെൻട്രൽ ജംഗ്ഷൻ, മാർക്കറ്റ്, മുസ്ളീം പള്ളിക്ക് സമീപം, ഒന്നാം മൈൽ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് അടക്കം മാലിന്യങ്ങൾ കുന്നുകൂടുകയാണ്. നാളുകളായി തുടരുന്ന ഈ പ്രവണതയ്ക്കെതിരെ പൊതുപ്രവർത്തകരും നാട്ടുകാരും കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ല.
കച്ചവട സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും തള്ളുന്നതിന് പുറമെ വിദൂരസ്ഥലങ്ങളിൽ നിന്നും വാഹങ്ങളിൽ കൊണ്ടുവരുന്ന മാലിന്യവും ഇവിടെയാണ് നിക്ഷേപിക്കുന്നത്. പരിസരമാകെ ദുർഗന്ധം വ്യാപിച്ച് പ്രദേശത്തുകൂടി കാൽനടയാത്രപോലും ദുസഹമായ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാൻ നിർബന്ധിതനായതെന്ന് ഷിബു പറഞ്ഞു. പഞ്ചായത്തിൽ മാലിന്യസംസ്‌കരണ പ്ലാന്റിന് പദ്ധതി രൂപീകരിച്ചിട്ട് വർഷം പലതുകഴിഞ്ഞു. ഇതിനായി ശുചിത്വമിഷനിൽ നിന്നും 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ നാളിതുവരെയായിട്ടും മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.