ഇടുക്കി: വനിതാമതിലിനു കരുത്തുപകർന്ന് ഹൈറേഞ്ചിലെ വനിതാകാർഷിക കർമ്മസേന. തങ്കമണി സഹകരണ ബാങ്കിന്റെ മേൽനോട്ടത്തിലുള്ള കാർഷിക കർമ്മ സേനയിലെയും സഹ്യ ടീ ഫാക്ടറിയിലെ തൊഴിലാളികളും അടങ്ങുന്ന നൂറോളം വനിതകളാണ് യൂണിഫോമിലെത്തി വനിതാ മതിലിൽ പങ്കാളികളായത്. കർമ്മമണ്ഡലം കാർഷിക മേഖലയായതുകൊണ്ടുതന്നെ ഇവരുടെ യൂണിഫോം ഹരിതാഭമാണ്. പച്ച നിറത്തിലുള്ള ചുരിദാറും ഓവർ കോട്ടും തൊപ്പിയും ധരിച്ചെത്തിയ കർമസേനാംഗങ്ങൾ വനിതാ മതിലിൽ ശ്രദ്ധേയമായി. അത്താണി കരിയാട് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് കാമാക്ഷി, തങ്കമണി ഭാഗത്തു നിന്നെത്തിയ വനിതകൾക്കൊപ്പമാണ് കർമ്മസേനാംഗങ്ങൾ മതിലിൽ അണിചേർന്നത്.
ഹൈറേഞ്ചിൽ കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമത്തിന് പരിഹാരമായി 2015 മുതലാണ് തങ്കമണി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വനിതകളെ ഉൾപ്പെടുത്തിയുള്ള ലേബർബാങ്ക് കാർഷിക കർമ്മസേന രൂപീകരിച്ചത്. തേയില, കുരുമുളക്, ഏലം തോട്ടങ്ങൾ ഉൾപ്പെടെ എല്ലാ കാർഷിക മേഖലയിലും ആവശ്യാനുസരണം ഇവർ പ്രവർത്തനസജ്ജരാണ്. സഹ്യ ടീ കമ്പനിയിലേക്കാവശ്യമായ തേയിലകൊളുന്ത് എടുത്തു നൽകുന്നതും കർമ്മസേന അംഗങ്ങളാണ്. ജോലിത്തിരക്കുകൾ ഏറെയുണ്ടെങ്കിലും സ്ത്രീശാക്തീകരണത്തിന്റെ വിളബര പ്രകടനത്തിൽ പങ്കെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന തിരിച്ചറിവാണ് അംഗങ്ങളെ ഇവിടെയെത്തിച്ചതെന്ന് കർമ്മസേന പ്രസിഡന്റ് ഷേർളി ജോസഫ് പറഞ്ഞു.
ഇടുക്കിമേഖലയിൽ നിന്നുള്ളവർ മതിലിൽ പങ്കെടുക്കാൻ എത്തിപ്പോൾ കൂടെ ഓരോ പ്ലക്കാർഡുകളും കരുതിയിരുന്നു. മതിലിന്റെ സമകാലിക പ്രസക്തി വെളിപ്പെടുത്തുന്ന വിവിധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളാണ് അവർ കയ്യിലേന്തിയത്. കേരളം ഭ്രാന്താലയമാക്കരുത്, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുക തുടങ്ങിയവ പ്ലക്കാർഡുകളിൽ ഇടംപിടിച്ചു. വാർദ്ധക്യാവശതകളുണ്ടെങ്കിലും ചെറുതോണി ഗാന്ധി നഗറിൽ നിന്നും 70 പിന്നിട്ട തങ്കമ്മ അമ്മയും ആവേശം ഒട്ടുചോരാതെ വനിതാമതിലിൽ പങ്കെടുക്കാനെത്തിയത് സ്ത്രീശാക്തീകരണത്തിന്റെ നേർക്കാഴ്ചായി.
നവോത്ഥാന മുന്നേറ്റങ്ങൾ ഉയർത്തി പിടിച്ച് മുന്നോട്ട് പോകും മന്ത്രി എം എം മണി.
നവോത്ഥാന മൂല്യങ്ങൾ ഉയർത്തി പിടിച്ച് മുന്നോട്ടു പോകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എം എം മണി.വനിതാ മതിലിന് ശേഷം ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കകയായിരുന്നു അദ്ദേഹം. ഇതൊരു തുല്യതയുടെ പ്രശ്നമാണ്. കേരളത്തെ ഭ്രാന്താലയമാക്കാൻ അനുവദിക്കില്ല, സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകും, നവോത്ഥാനത്തിലൂടെയാണ് മുമ്പും സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കാൻ സാധിച്ചിട്ടുള്ളത്. നവോത്ഥാന മൂല്യങ്ങളുടെ ഓർമപ്പെടുത്തലുകൾ കൂടിയുള്ള ചരിത്ര നിമിഷമാണിതെന്നും മന്ത്രി പറഞ്ഞു. യാക്കോബായസഭ പ്രതിനിധി ഏലിയാസ് മാർ അത്താനിയോസ്, സി.കെ വിദ്യാസാഗർ, സാജി രാമചന്ദ്രൻ, അജയ് സി പണിക്കർ, അഡ്വ.കെ.തുളസി തുടങ്ങിയവർ പങ്കെടുത്തു.