തൊടുപുഴ: തെങ്ങുകൃഷി മേഖലയിൽ വൈവിധ്യവത്ക്കരണം അനിവാര്യമാണെന്ന് കായംകുളം തോട്ടവിള ഗേവേഷണകേന്ദ്രത്തിലെ ഡോ. വി കൃഷ്ണകുമാർ പറഞ്ഞു. തൊടുപുഴയിൽ കാർഷിക മേളയോടനുബന്ധിച്ച് നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തേങ്ങയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നതിനാണ് മിക്ക രാഷ്ട്രങ്ങളും പ്രാധാന്യം നൽകുന്നതെങ്കിൽ കൊപ്ര, കരിക്ക്, വിത്തിനം എന്നിവയ്ക്ക് മാത്രമാണ് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ കൂടുതലായി ഉത്പ്പാദിപ്പിക്കാനും വിപണനം നടത്താനുമുള്ള ശ്രമങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഡീൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിലെ ഡോ. ജോസഫ് രാജ്കുമാർ, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ ആൻസി ജോൺ, കായംകുളം കൃഷി വിജ്ഞാനകേന്ദ്രം അസി. ടെക്‌നിക്കൽ ഓഫീസർ ഡോ. ജിസി ജോർജ്, കെ.വി.ജോസ്, ജിമ്മി മറ്റത്തിപ്പാറ, മനോഹർ നടുവിലേടത്ത് എന്നിവർ സംസാരിച്ചു.
കേരംതിങ്ങും കേരളനാട്ടിൽ വിളയുന്നത് 745 കോടി തേങ്ങ
ലോകത്ത് 140 ലക്ഷം ഹെക്ടർ പ്രദേശത്താണ് തെങ്ങുകൃഷിയുണ്ട്. ഇതിൽ 21 ലക്ഷം ഹെക്ടർ ഇന്ത്യയിലാണ്. 94 രാജ്യങ്ങളിൽ നിന്നായി 6719 കോടി തേങ്ങയാണ് പ്രതിവർഷം ഉത്പ്പാദിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലിത് 2391 കോടിയാണ്. കേരളത്തിലെ തേങ്ങ ഉത്പ്പാദനം ശരാശരി 745 കോടിയാണ്.
മേളാനഗറിൽ ഇന്ന്
തൊടുപുഴ : കാർഷികമേളയോടനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് സ്വാഭാവിക റബർ മേഖലയിലെ പ്രശ്‌നങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷത്തിൽ സെമിനാർ നടക്കും. കെ.എം.മാണി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. റ്റി.യു കുരുവിള അദ്ധ്യക്ഷത വഹിക്കും. എം.എൽ.എ.മാരായ സുരേഷ് കുറുപ്പ്, പി.സി.ജോർജ്, മുൻ റബർ ബോർഡ് ചെയർമാൻ പി.സി. സിറിയക് തുചങ്ങിയവർ സംസാരിക്കും. വൈകിട്ട് 7ന് സംഗീതനിശ, ചലച്ചിത്രതാരം സ്വാസ്തിക നയിക്കുന്ന സിനിമാറ്റിക് ഡാൻസ് എന്നിവ അരങ്ങേറും.
കാലിപ്രദർശനം നാളെ
തൊടുപുഴ : കാർഷികമേളയോടനുബന്ധിച്ച് നാളെ രാവിലെ 8.30 മുതൽ കാലിപ്രദർശനവും മത്സരവും നടക്കും. കോലാനി വെങ്ങല്ലൂർ ബൈപാസിൽ പെട്രോൾ പമ്പിനു സമീപമാണ് കാലിപ്രദർശനം.