മറയൂർ: സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥതയോട് പ്രതിഷേധിച്ച മന്ത്രി എം.എം. മണിയിലെ പൊതുപ്രവർത്തകന് മുമ്പിൽ ഉദ്യോഗസ്ഥരും കരാറുകാരനും മുട്ടുമടക്കി. വൈദ്യുതി മന്ത്രിയുടെ ഉത്തരവിനെക്കാൾ ശക്തി മണിയാശാൻ എന്ന പൊതുപ്രവർത്തകന്റെ വാക്കുകൾക്കുണ്ടെന്ന തിരിച്ചറിവാണ് ഉദ്യോഗസ്ഥരെ വെട്ടിലാക്കിയത്.
മറയൂർ കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ നിർമ്മാണം വിലയിരുത്തവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിപദം ഏറ്റെടുത്തശേഷം ആദ്യം പ്രഖ്യാപിച്ച പദ്ധതിക്ക് തറക്കല്ലിട്ട് നാളേറെയായിട്ടും കെട്ടിടങ്ങളുടെ പണിപോലും പൂർത്തികരിക്കാത്തതാണ് എം.എം. മണിയെ ചൊടിപ്പിച്ചത്. ഉദ്യോഗസ്ഥരോടും കരാറുകാരോടും ഈകാര്യത്തിലുള്ള തന്റെ പ്രതിഷേധം നേരിട്ടറിയിച്ചു. ആദ്യം ഒന്ന് പരുങ്ങിയ ഉദ്യോഗസ്ഥരും കരാറുകാരനും ഫെബ്രുവരി മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാമെന്ന് മന്ത്രിക്ക് ഉറപ്പു നല്കിയാണ് രംഗം ശാന്തമാക്കിയത്.
ചിത്തിരപുരത്ത് നിന്നും ലൈൻ വലിച്ചാണ് മറയൂരിൽ 33 കെ.വി സബ് സ്റ്റേഷൻ സ്ഥാപിക്കേണ്ടത്. ടാറ്റാ ടീ കമ്പനിയുമായി ഇക്കാര്യത്തിൽ ചർച്ചനടത്തി തീരുമാനം എടുത്തതായും സാങ്കേതിക തടസങ്ങൾ ഒഴിവാക്കി ലൈൻ വലിയ്ക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതിവകുപ്പ് മന്ത്രിയായി ചുമതലയേറ്റ് ദിവസങ്ങൾക്കകമാണ് മറയൂർ സബ് സ്റ്റേഷൻ അനുവദിച്ച് ഉത്തരവായത്. മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകൾ ഉൾപ്പെടുന്ന മറയൂർ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ 10,500 ലധികം ഉപഭോക്താക്കളുണ്ട് . രൂക്ഷമായ വോൾട്ടേജ് ക്ഷാമം കാരണം ഒരു ചെറുകിട വ്യവസായ സ്ഥാപനങ്ങൾ പോലും ഇവിടെ പ്രവർത്തിക്കുന്നില്ല. ആരംഭിച്ചതെല്ലാം വോൾട്ടേജ് ക്ഷാമം കാരണം നിർത്തേണ്ടിയും വന്നു. ചിത്തിരപുരത്ത് നിന്നും 47 കിലോമീറ്റർ 11 കെ.വി ലൈൻ വലിച്ചാണ് മറയൂർ മേഖലയിൽ വൈദ്യുതി എത്തിക്കുന്നത്. വനത്തിലൂടെയും തേയില തോട്ടങ്ങളിലൂടെയും കൃഷിഭൂമിയിലൂടെയും വരുന്ന ലൈനിൽ ചെറിയൊരു കാറ്റടിച്ചാലോ മഴ പെയ്താതാലോ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടും. ഈ സാഹചര്യത്തിലാണ് അഞ്ചു നാടിന് സ്വപ്നസാഫല്യമായ സബ് സ്റ്റേഷന് അനുവദിച്ചത്. അടിയന്തിരപ്രാധാന്യം പരിഗണിച്ച് അനുവദിച്ച പദ്ധതി അകാരണമായി വൈകുന്നതിനെതിരെയായിരുന്നു മന്ത്രിയുടെ പ്രതിഷേധം.