വണ്ടിപ്പെരിയാർ: പ്രകൃതി വിരുദ്ധലൈംഗീക ചൂഷണം നടത്തിയെന്ന കേസിൽ ഒന്നരമാസമായി ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പൊലീസ് പിടികൂടി. വണ്ടിപ്പെരിയാറ്റിലെ സ്വകാര്യ സ്‌കൂളിൽ കുട്ടികൾക്ക് കൗൺസിലിംഗ് നടത്തുന്നയാളാണ് പ്രതി. കോട്ടയം കറുകച്ചാൽ സ്വദേശി അറിയേക്കര വീട്ടിൽ ജൂജു (40) നെയാണ് വണ്ടിപ്പെരിയാർ സബ് ഇൻസ്പെക്ടർ എം.പി.സാഗറും സംഘവും അറസ്റ്റു ചെയ്തത്. രണ്ട് വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധമായി ചൂഷണം ചെയ്തതായാണ് ഇയാൾക്കെതിരെ കേസ്. ശാരീരികവും മാനസീകവുമായി ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്ന് വിദ്യാർത്ഥികൾ സംഭവം മാതാപിതാക്കളോട് പറഞ്ഞതിനെത്തുടർന്ന് ചൈൽഡ് ലൈൻ അധികൃതർക്ക് പരാതി നൽകുകയായിരുന്നു. വണ്ടിപ്പെരിയാർ പൊലീസിന് ലഭിച്ച പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോൾ പ്രതി ഒളിവിൽ പോയി. ഇതിനിടയിൽ മുൻകൂർ ജാമ്യത്തിനുശ്രമം നടത്തിയെങ്കിലും ജാമ്യംലഭിച്ചിരുന്നില്ല. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കറുകച്ചാലിലെ ഇയാളുടെ വീട്ടിൽ നിന്നും അറസ്റ്റു ചെയ്തത്.