മുട്ടം: ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ചുകയറിയ അഞ്ചംഗസംഘം 7 മൊബൈൽ ഫോണും 12000 രൂപയും കവർന്നു. പെരുമറ്റം ജംഗ്ഷനു സമീപം ചൊവ്വാഴ്ച പുലർച്ചെ 3 മണിയോടെയാണ് 5 അംഗസംഘം തൊഴിലാളികൾ താമസിക്കുന്ന വീടിന്റെ കതക് തകർത്ത് അകത്തുകടന്നത്. 10 തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. മുഖംമറച്ച 3 പേർ അകത്തുകടന്ന് കത്തികാണിച്ച് ഭീഷണിപ്പെടുത്തി കവർച്ചനടത്തിയപ്പോൾ രണ്ട് പേർ വീടിന് പുറത്ത് കാത്തുനിന്നു. കവർച്ചസംഘം പരസ്പരം മലയാളത്തിലും തൊഴിലാളികളോട് ഹിന്ദിയിലുമാണ് സംസാരിച്ചത്. ആൾ താമസം കുറവുള്ള ഭാഗത്താണ് തൊഴിലാളികൾ താമസിച്ചിരുന്നത്. വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. പൊലീസ് നായ പ്രദേശത്ത് ചുറ്റി കറങ്ങി തിരിച്ചുവന്നു. എസ് ഐ സ്വരൂപിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.