ഇടുക്കി: ബ്ലോക്ക് പഞ്ചായത്ത് തൊഴുലുറപ്പ് പദ്ധതിയുടെ ഭാഗമായി അറക്കുളം പന്ത്രണ്ടാംമൈലിൽ എം.വി.ഐ.പി . സ്ഥലത്ത് തുടങ്ങിയ പഴത്തോട്ട പാർക്കിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു. 5 ഏക്കർ സ്ഥലത്താണ് പഴവർഗങ്ങളും ഔഷധസസ്യങ്ങളുമുൾപ്പെടെ വ്യത്യസ്തമായ പാർക്കിന്റെ ജോലികൾ പുരോഗമിക്കുന്നത്. പേര, ചാമ്പ, നെല്ലി, ആത്ത, വിവിധതരം നാടൻ മാവുകൾ, പ്ലാവുകൾ, വാഴ, നാരകം, നെല്ലി, മാതളം, അമ്പഴം, ഞാവൽ തുടങ്ങിയ പഴവർഗങ്ങളും, കൂവളം, ആര്യവേപ്, അത്തി, ഇത്തി, ഇലഞ്ഞി, ഇടന, ബ്രഹ്മി, അമൃത്, മണിമരുത്, തുളസി അടക്കം ആയുർവേദ ചെടികളും പൂന്തോട്ടവുമാണ് നിർമ്മിക്കുന്നത്. പാർക്കിന്റെ അതിരുകളിൽ പുഴയോരം ഭാഗത്ത് മഞ്ഞമുള നട്ടുപിടിപ്പിച്ചും മറ്റിടങ്ങളിൽ ജൈവവേലി കെട്ടിയും സംരക്ഷിക്കും. കുളങ്ങൾ, നടപ്പാത, സിമന്റ് ബഞ്ചുകൾ എന്നിവ നിർമിച്ച് പാർക്ക് മനോഹരമാക്കും. അരയേക്കറോളം സ്ഥലം ആയുർവേദ സസ്യങ്ങൾക്കും നക്ഷത്രവനത്തിനുമായി നീക്കിവച്ചിട്ടുണ്ട്. ബ്ലോക്ക് വനിതാക്ഷേമ ഓഫീസർ ഡി.ജ്യോതി, ബ്ലോക്ക് എഞ്ചിനീയർ ഒ.ആർ. ജിജോമോൻ ബ്ലോക്ക് മെമ്പർ ലീന അഗസ്റ്റിൻ, വാർഡ് മെമ്പർ ബിജി വേലുക്കുട്ടൻ , തൊഴിലുറപ്പ് മേറ്റ് ലിസി ജോസ്, അഗ്രി എക്സ്പേർട്ട് എ.ജി. മായാദേവി, തൊഴിലുറപ്പ് ഓവർസിയർ ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പാർക്കിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇവരെ സഹായിക്കുവാനായി മുൻ വാർഡ് മെമ്പറും ജയ്‌ഹിന്ദ് ലൈബ്രറി പ്രെസിഡന്റുമായ പി.എ. വേലുക്കുട്ടന്റെ നേതൃത്വത്തിൽ പ്രകൃതിസ്നേഹികളും, പൊതുപ്രവർത്തകരും സജീവമായി രംഗത്തുണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഗസ്തി അഴകത്ത് പാർക്കിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി ജോസഫ് കുന്നേൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഡെവലൊപ്മെന്റ് ഓഫീസർ ടി.സി. ഗോപാലകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് മെമ്പർമാരായ ലീന ജോസ്, ചെല്ലമ്മ ദാമോദരൻ, പഞ്ചായത്ത് മെമ്പർ മാരായ ടോമി വാളികുളം,എ.ഡി മാത്യു, ശ്രീകല ഗോപി, ശശി കടപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ ബിജി വേലുക്കുട്ടൻ സ്വാഗതവും മേറ്റ് ലിസി ജോസ് നന്ദിയും പറഞ്ഞു.