ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ ഗാന്ധിനഗർ വാർഡിലെ പ്രളയദുരിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിവേദനമായി പഞ്ചായത്ത് മെമ്പർ കെ.എം. ജലാലുദ്ദീൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് സമർപ്പിച്ചു. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും 68 കുടുംബങ്ങൾ കെ.എസ്.ഇ.ബി ക്വാർട്ടേഴ്സിൽ അഭയം പ്രാപിച്ചെങ്കിലും അവർ വെള്ളവും വെളിച്ചവുമില്ലാതെ ബുദ്ധിമുട്ടുന്നതായും ജലാലുദ്ദീൻ നിവേദനത്തിൽ പറയുന്നു. കൂടാതെ തന്റെ വാർഡ് പൂർണമായും നിർമ്മാണ നിരോധിത മേഖലയായി പ്രഖ്യാപിച്ചതിനാൽ പി.എം.എ.വൈ- ജവഹർ- ലൈഫ് പദ്ധതിപ്രകാരം എഗ്രിമെന്റ് വച്ച വീടുകൾ പോലും പണിയാൻ സാധിക്കുന്നില്ല. ഉടൻ തന്നെ എൻ.ഒ.സി നൽകണം. കൂലിപ്പണിചെയ്ത് ഉപജീവനം മാർഗം നടത്തുന്ന ഗാന്ധിനഗർ കോളനി നിവാസികൾക്ക് നിത്യവരുമാനത്തിനുള്ള മാർഗങ്ങൾ ഉണ്ടാകണമെന്നും ചെറുതോണി ടൗണിലെ കച്ചവടസ്ഥാപനങ്ങൾക്കുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരം കാണണമെന്നും ജലാലുദ്ദീൻ നിവേദനത്തിൽ പറഞ്ഞു.