ചെറുതോണി: ശബരിമലയിൽ നഗ്നമായ ആചാരലംഘനമാണ് നടന്നിരിക്കുന്നതെന്നും ഇത് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ബോധപൂർവ്വമായ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് യു.ഡി.എഫ് കരിദിനമാചരിക്കുകയും സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ചും ധർണയും നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചൊവ്വാഴ്ച വനിതാമതിൽ തീർത്ത് മടങ്ങിവന്നതിന് മുമ്പുതന്നെ സ്ത്രീ പ്രവേശനം നടത്തിയതിന് പിന്നിൽ ഗൂഡാലോചനയുണ്ട്. ധിക്കാരപരമായ ഈ നടപടി അംഗീകരിക്കാനാകില്ല. യു.ഡി.എഫ് എന്നും ഭക്തർക്കൊപ്പമാണ്. ശബരിമലയിൽ വർഗീയത ഇല്ല. ഏതുമതസ്ഥർക്കും അവിടെ ദർശനം നടത്താം. ശബരിമലയിൽ സ്ത്രീകൾ രാത്രിയിൽ വന്നപ്പോൾ ദർശനം നടത്തുന്നതിന് അനുവാദം നൽകിയത് ആർ.എസ്.എസിനെയും ബി.ജെ.പിയെയും സഹായിക്കാനാണന്ന് ചെന്നിത്തല പറഞ്ഞു. ചെയ്യാൻ പാടില്ലാത്തതാണ് ശബരിമലയിൽ നടന്നതെന്നും യു.ഡി.എഫ് ഇതംഗീകരിക്കുകയില്ലന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികൾ നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങൾ പ്രളയക്കെടുതിയിൽപ്പെട്ടും കാർഷിക വിലത്തകർച്ചമൂലവും നട്ടം തിരിയുമ്പോൾ സർക്കർ ശബരിമലയിൽ സ്ത്രീകളെ എങ്ങനെ കയറ്റാമെന്ന് ഗവേഷണം നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രയാസങ്ങൾ മനസിലാക്കുന്നതിനും ഇവരുടെ പരാതി സ്വീകരിക്കുന്നതിനും ഇടുക്കിയിലെത്തിയതായിരുന്നു അദ്ദേഹം.