kk
ഉണ്ണിമായ

നെടുങ്കണ്ടം: യുവതിയായ വീട്ടമ്മയെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തുണ്ടത്തിൽ വിഷ്ണുവിന്റെ ഭാര്യ ഉണ്ണിമായ (22) യെയാണ് തിങ്കളാഴ്ച രാത്രി സമീപത്തെ പുരയിടത്തിലെ പടുതാക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയുടെ ശിരസിൽ മുറിവുള്ളതായി കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. മൃതദേഹം കണ്ടെത്തിയ പടുതാക്കുളത്തിലെ വെള്ളം വറ്റിച്ച് ഇന്നലെ പ്രാഥമിക പരിശോധന നടത്തി. ഇൻസ്പെക്ടർ റെജി എം കുന്നിപ്പറമ്പൻ, എസ്.ഐ എൻ.സുമതി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ചായിരുന്നു പരിശോധന.
തിങ്കളാഴ്ച രാത്രി പത്തോടെയാണ് ഉണ്ണിമായയെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ 11.45 ഓടെ സമീപവാസിയുടെ പറമ്പിലെ പടുതാക്കുളത്തിൽ കണ്ടെത്തുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. മൃതദേഹം ചൊവ്വാഴ്ച രാത്രി വീട്ടുവളപ്പിൽ സംസ്‌കരിച്ചു.