തൊടുപുഴ: വണ്ണപ്പുറത്ത് ആരംഭിക്കുന്ന വാഫികോളേജിന്റെ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് 5 ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദാറുറഹ്മ ഇസ്ലാമിക് അക്കാദമിയുടെ കീഴിലാണ് കോളേജ് സ്ഥാപിക്കുന്നത്. ഇസ്ലാമിക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ഭൗതിക വിഷയങ്ങളിൽ സർവകലാശാല ബിരുദവും നൽകുന്ന അന്താരാഷ്ട്ര നിലവാരമുള്ള പഠന പദ്ധതിയാണ് വാഫി കോഴ്സ്.
വൈകിട്ട് 6.30 ന് വണ്ണപ്പുറം ഹിറാ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ പി.എം ഇല്യാസ് പഴേരി അദ്ധ്യക്ഷത വഹിക്കും. കുന്നം ഹൈദർ ഉസ്താദ് പ്രാർത്ഥനയും അഡ്വ. മുഹമ്മദ് ഫൈസി ഓണമ്പിള്ളി മുഖ്യപ്രഭാഷണവും നിർവഹിക്കും. മുഹമ്മദ് സ്വാലിഹ് അൻവരി ചേകനൂർ ആമുഖ പ്രഭാഷണവും എം.എം.ഫത്തഹുദ്ദീൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. വണ്ണപ്പുറം ടൗൺ ജമാഅത്ത് പ്രസിഡന്റ് കെ.എം പരീത് ഹാജി കക്കാട്ട്, സമസ്ത ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ഇ മുഹമ്മദ് മുസ്ലിയാർ, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലീം, സമസ്ത സ്റ്റേറ്റ് ഓർഗനൈസർ എ.കെ ആലിപ്പറമ്പ്, കെ.എം.എ ഷുക്കൂർ, അബ്ദുൽ കബീർ റഷാദി, അബ്ബാസ് പഴേരി, അഷ്റഫ് മൗലവി ഒടിയപാറ, ഒ.എം. ശരീഫ് ദാരിമി, ഉമ്മർ മൗലവി വയനാട്, ഹനീഫ് കാശിഫി, കെ.എം. മൂസ ഹാജി, കരീം റാവുത്തർ, ശിഹാബുദ്ദീൻ വാഫി, കെ.ഇ. മുഹമ്മദ് കുറുമാട്ടുകുടി, നസീർ ബ്ലായിക്കുടി എന്നിവർ പ്രസംഗിക്കും.
വാർത്താ സമ്മേളനത്തിൽ ദാറുറഹ്മ വാഫി കോളേജ് സെക്രട്ടറി മുഹമ്മദ് സ്വാലിഹ് അൻവരി, സ്വാഗതസംഘം ചെയർമാൻ പി.എം. ഇല്യാസ്, അബ്ദുൽ കബീർ റഷാദി, കെ.എം. പരീത് ഹാജി കക്കാട്ട്, കെ.ഇ. മുഹമ്മദ് കുറുമാട്ടുകുടി, എം.എം. ഫത്തഹുദ്ദീൻ എന്നിവർ പങ്കെടുത്തു.