രാജാക്കാട്: പ്രളയകാലത്ത് ഭൂമിയും വീടും നഷ്ടപ്പെട്ട പട്ടയമില്ലാത്ത ആയിരക്കണക്കിന് കുടുംബങ്ങൾ സർക്കാരിന്റെ പുനരധിവാസ പദ്ധതികളിൽ നിന്നും പുറത്തായി. ദുരിതബാധിതരായ മുഴുവൻ പേരെയും പുനരധിവസിപ്പിക്കുമെന്ന വാഗ്ദാനം വിശ്വസിച്ചിരുന്നവർ പട്ടയഭൂമി നഷ്ടപെട്ടവർക്ക് മാത്രമെ സഹായത്തിന് അർഹതയുള്ളു എന്ന അറിയിപ്പ് ലഭിച്ചതോടെ പ്രതിസന്ധിയിലായിരിയ്ക്കുകയാണ്. കുത്തകപ്പാട്ട ഭൂമി, പട്ടയം ലഭിയ്ക്കാത്ത കുടിയേറ്റ ഭൂമി, പുറമ്പോക്ക് ഭൂമി എന്നിവിടങ്ങിളിൽ വീട് നിർമ്മിച്ച് വർഷങ്ങളായി താമസിച്ച് വന്നിരുവരെയാണ് പുനരധിവാസ പദ്ധതികളിൽ നി്ന്നും പുറത്താക്കിയിരിക്കുന്നത്. ജില്ലയിൽ പട്ടയം ഇല്ലാത്ത ഭൂമിയിൽ പതിനായിരകണക്കിന് കുടുംബങ്ങളാണ് കൃഷി ചെയ്ത് ജീവിയ്ക്കുന്നത്. ഇവരിൽ ആയിരകണക്കിന് ആളുകൾക്ക് പ്രളയ കാലത്ത് നഷ്ടങ്ങൾ നേരിട്ടിരുന്നു. ഭൂമിയും വീടൂം പൂർണമായി നഷ്ടുപെട്ടവർക്ക് പകരം ഭൂമിയും വീടും നൽകുമൊയിരുന്നു സർക്കാർ പ്രഖ്യാപനം. മുൻപ് വീടുണ്ടായിരുന്ന സ്ഥലം ഉദ്യോഗസ്ഥർ പരിശോധിച്ച് അവിടെ വീണ്ടും വീട് നിർമ്മിയ്ക്കുതിന് യോഗ്യമല്ലെന്ന് കണ്ടെത്തിയെങ്കിൽ മാത്രമെ പകരം ഭൂമി നൽകു. വീട് നിർമ്മിയ്ക്കുന്നതിനായി 4 ലക്ഷം രൂപയും ഭൂമി വാങ്ങുന്നതിനായി ആറ് ലക്ഷവുമാണ് സർക്കാർ നൽകുന്നത്. വാസ യോഗ്യമായഭൂമി മറ്റാരെങ്കിലും സൗജന്യമായി നൽകുകയാണെങ്കിൽ വീട് വയ്ക്കുന്നതിനുള്ള പണം നൽകും. വീടും ഭൂമിയും നഷ്ടപെട്ട നിരവധിപ്പേർ അനുയോജ്യമായ ഭൂമി കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു. വാങ്ങാനുദേശിയ്ക്കുന്ന സ്ഥലത്തിന്റെ പട്ടയം, സ്‌കെച്ച് എന്നിവയുടെ പകർപ്പ്, സമ്മതപത്രം തുടങ്ങിയവ ഹാജരാക്കിയശേഷം ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പ് നൽകിയാൽ മാത്രമാണ് വാങ്ങാൻ അനുമതി. ഇത്തരത്തിലുള്ള എല്ലാ കടമ്പകളും കഴിഞ്ഞപ്പോഴാണ് സർക്കാരിന്റെ പുതിയ നിബന്ധന എത്തിയത്. തകർന്ന ഭൂമിയ്ക്ക് പട്ടയമുണ്ടായിരുന്നെങ്കിൽ മാത്രമാണ് നഷ്ട പരിഹാരം എന്നതാണ് ദുരിതബാധിതരെ വെട്ടിലാക്കിയിരിക്കുന്നത്. വാഗ്ദാനം വിശ്വസിച്ച് ഭൂമി വാങ്ങി ആധാരം രജിസ്റ്റർ ചെയ്തവർ പോലുമുണ്ട്. സർക്കാരിൽ നിന്നും പണം കിട്ടുമ്പോൾ നൽകാമെന്ന ഉറപ്പിൻമേലാണ് രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തത്. പന്നിയാർകൂട്ടി, വെള്ളത്തൂവൽ എസ്.വളവ് തുടങ്ങി ഉരുൾപൊട്ടലും മണ്ണിടിച്ചിലും നാമാവശേഷമാക്കിയ സ്ഥലങ്ങളിലെ ആളുകൾ അപ്പീൽ നൽകി സർക്കാരിന്റെ കാരുണ്യത്തിനായി കാത്തിരിയ്ക്കുകയാണ്.
പട്ടയമില്ലാത്തവർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിയ്ക്കും:തഹസീൽദാർ
കുത്തകപ്പാട്ട ഭൂമിയിലെ അടക്കം മുഴുവൻ ദുരിതബാധിതർക്കും സർക്കാരിന്റെ പുനരധിവാസ പദ്ധതിപ്രകാരം വീടും ഭൂമിയും ലഭ്യമാക്കുവാൻ നടപടി സ്വീകരിയ്ക്കുമെന്ന് ഉടുമ്പൻചോല തഹസിൽദാർ പി.എസ് ഭാനുകുമാർ പറഞ്ഞു. ഉടുമ്പൻചോലയിൽ പട്ടയമില്ലാത്ത ഭൂമിയിൽ താമസിച്ചിരുന്ന നിരവധി പേർക്കാണ് പ്രളയത്തിൽ വീടും ഭൂമിയും നഷ്ടമായത്. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ച് നടപടി സ്വീകരിയ്ക്കുമെന്നും തഹസിൽദാർ വ്യക്തമാക്കി.