kk
കാർഷികമേളയിൽ ഇന്നലെ അനുഭവപ്പെട്ട തിരക്ക്

തൊടുപുഴ : അടുത്ത അഞ്ചുവർഷത്തേയ്ക്ക് റീപ്ലാന്റ് ചെയ്യാതെ ശ്രദ്ധിച്ചാൽ റബർ വിലയിൽ മാറ്റങ്ങളുണ്ടാകുമെന്ന് ഡോ. പി.സി. സിറിയക് അഭിപ്രായപ്പെട്ടു. ഗാന്ധിജി സ്റ്റഡിസെന്റർ തൊടുപുഴ ന്യൂമാൻ കോളേജിൽ നടത്തിയ സ്വാഭാവിക റബർ മേഖലയിലെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറക്കുമതിയുടെ അതിപ്രസരം കാരണം ആഭ്യന്തരവില കുറഞ്ഞാൽ ഇറക്കുമതി ചുങ്കം വർദ്ധിപ്പിക്കാമെന്ന് ലോകവാണിജ്യ കരാറിൽ വ്യവസ്ഥയുണ്ടെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ല. സംരക്ഷണചുങ്കം നടപ്പാക്കാനും നടപടിയുണ്ടായില്ല. റബർ ഉത്പ്പാദക സംഘങ്ങളുണ്ടാക്കിയപ്പോഴുള്ള സ്ഥിതിയല്ല ഇന്നിപ്പോൾ. റബറിനെ മാത്രം ആശ്രയിച്ച് കഴിയുന്ന ഒട്ടേറെ കുടുംബങ്ങൾ ഇന്ന് ദുരിതത്തിലാണ്. പെരുകുന്ന ചെലവും കുറയുന്ന വരുമാനവുമാണ് ഇപ്പോഴത്തെ പ്രതിസന്ധി. റീപ്ലാന്റ് ഒഴിവാക്കി എണ്ണപ്പന കൃഷി ചെയ്യണം. ഒരേക്കറിൽ നിന്നും ഒരുലക്ഷം രൂപവരെ വരുമാനം ലഭിക്കുന്ന എണ്ണപ്പന നാലു വർഷം കൊണ്ട് ആദായം നൽകും. കിലോയ്ക്ക് ഏഴു രൂപ നിരക്കിൽ എണ്ണപ്പന ശേഖരിക്കാൻ ഓയിൽപാം കോർപ്പറേഷൻ തയ്യാറാണ്. കഴിഞ്ഞ വർഷം ഇന്ത്യ എഴുപതിനായിരം കോടി രൂപയുടെ ഭക്ഷ്യ എണ്ണയും സ്വർണവുമാണ് ഇറക്കുമതി ചെയ്തതെന്നും പി.സി. സിറിയക് പറഞ്ഞു.
കേരളത്തിലെ കർഷകരെ ഏറെ അലട്ടുന്ന പ്രശ്നമായി റബർ കൃഷി മാറിയെന്ന് ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ കൂടിയായ പി.ജെ. ജോസഫ് എം.എൽ.എ. പറഞ്ഞു. റ്റി.യു കുരുവിള. അദ്ധ്യക്ഷത വഹിച്ചു. പി.സി. ജോർജ് എം.എൽ.എ. ഇസാഫ് മാനേജിംഗ് ഡയറക്ടർ പോൾ തോമസ്, ജോസഫ് വാഴയ്ക്കൻ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, അലക്സ് കോഴിമല, ബിനോയി കെ കുര്യൻ, ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മീഷണർ പി.എം. സോമശേഖരൻ, സി.ജെ. അഗസ്റ്റിൻ ചെട്ടിപ്പറമ്പിൽ, സി.എം. മാത്യു ചൂരാപ്പുഴ, അഗസ്റ്റിൻ വട്ടക്കുന്നേൽ, സണ്ണി കളപ്പുര എന്നിവർ സംസാരിച്ചു.

മേളാനഗറിൽ ഇന്ന്

തൊടുപുഴ : കാർഷികമേളയോടനുബന്ധിച്ച് ഇന്ന് വിളകളുടെ പ്രദർശനവും വൈകിട്ട് 7.30-ന് കൊച്ചിൻ ബ്ലൂസ്റ്റാർ അവതരിപ്പിക്കുന്ന സ്റ്റാർ നൈറ്റ് മെഗാ ഷോയും ഉണ്ടാകും.

കാലിപ്രദർശനം 5ന്

തൊടുപുഴ : കാർഷികമേളയോടനുബന്ധിച്ചുള്ള കാലിപ്രദർശനം 5-ന് രാവിലെ 8.30 മുതൽ നടക്കും. കോലാനി - വെങ്ങല്ലൂർ ബൈപാസിൽ പെട്രോൾ പമ്പിനു സമീപമാണ് കാലിപ്രദർശനവും മത്സരവും നടക്കുന്നത്.