മുട്ടം: തൊടുപുഴയുടെ ഉപനഗരമായി വികസിക്കുന്ന പ്രദേശമായ മുട്ടം ടൗണിലെ അതി രൂക്ഷമായ ഗതാഗത കുരുക്കിന് ഇനിയും പരിഹാരമില്ല. ജില്ലാ കോടതി, ജില്ലാ ജയിൽ, എൻജിനിയറിങ്ങ് കോളേജ്, ഗവ. പോളിടെക്‌നിക്ക് കോളേജ്, വ്യവസായ പ്ലോട്ട്, മലങ്കര ടൂറിസം പദ്ധതി പ്രദേശം, ജില്ലാ ഹോമിയോ ആശുപത്രി, ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജ് തുടങ്ങി നിരവധി സർക്കാർ- പൊതുമേഖല സ്ഥാപങ്ങളെല്ലാം മുട്ടം പഞ്ചായത്ത്‌ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. മലങ്കര ടൂറിസം, വാഗമൺ, ഇല്ലിക്കകല്ല്, ഇലവീഴാപൂഞ്ചിറ, മൂന്നാർ ഇവിടങ്ങളിലേക്കുള്ള പ്രധാന പാതയും മുട്ടം ടൗൺ വഴിയാണ്. കോടതിക്കവല- ചള്ളാവയൽ റോഡിലും മൂലമറ്റം റൂട്ടിലുള്ള വൈദ്യുതി സബ് സ്റ്റേഷൻ വരെയുമുള്ള റോഡിലും രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെയും വാഹനങ്ങൾ നിരങ്ങി നീങ്ങുന്ന സ്ഥിതിയാണുള്ളത്. രാവിലെ 8.30 മുതൽ 10 വരെയും ഉച്ചകഴിഞ്ഞ് 3. 30 മുതൽ അഞ്ച് വരേയും ടൗണിലെ ഗതാഗത കുരുക്ക് നിയന്ത്രണാതീതമാണ്. ടൗണിൽ പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസിന്റെ സേവനം ഉണ്ടെങ്കിലും അതൊന്നും പരിഹാരമാവുന്നില്ല. ടൗണിൽ റോഡിന്റെ രണ്ട് വശങ്ങളിലും നിയമ വിരുദ്ധമായ വാഹനപാർക്കിംഗും ഗതാഗത കുരുക്കിന് കാരണമാവുന്നുണ്ട്. ഇന്നലെ പുലർച്ചെ ഏഴിനും മുട്ടം - ഈരാറ്റുപേട്ട റൂട്ടിൽ വാഹനങ്ങൾ റോഡിൽ കുരുങ്ങി. റോഡ്‌ സൈഡിൽ പാർക്ക് ചെയ്ത കാറിന്റെ ഡ്രൈവർ ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ കയറിയപ്പോഴാണ് മറ്റ് വാഹനങ്ങൾ റോഡിൽ കുരുങ്ങിയത്. ടൗണിലെ വ്യാപാരികളും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്നാണ് പത്ത് മിനിറ്റോളം നേരം റോഡിൽ കുരുങ്ങി കിടന്ന വാഹനങ്ങളെ മാറ്റി വിട്ട് ഗതാഗതം പുനഃസ്ഥാപിച്ചത്.

പരിഹാരം ചുവപ്പ് നാടയിൽ

ടൗണിലുണ്ടാവുന്ന ഗതാഗക്കുരുക്കിന്‌ പരിഹാരമായിട്ട് മുട്ടം - ഇടപ്പള്ളി, മുട്ടം - മാത്തപ്പാറ, മുട്ടം ബസ് സ്റ്റാന്റ് എന്നിവ കേന്ദ്രീകരിച്ചു മൂന്ന് ബൈപാസ് റോഡുകൾ വർഷങ്ങൾക്ക് മുമ്പ് വിഭാവന ചെയ്തെങ്കിലും അതെല്ലാം ചുവപ്പ് നാടയിൽ കുരുങ്ങിക്കിടക്കുകയാണ്.