പീരുമേട്: ശബരിമല തീർത്ഥാടകരുടെ വാഹനത്തിൽ ഇടിച്ച സ്വകാര്യബസ് നിർത്താതെ പോയതായി പരാതി. ഇന്നലെ രാവിലെ 11ന് ഏലപ്പാറ ജംഗ്ഷനിലായിരുന്നു അപകടം. നെടുങ്കണ്ടത്തു നിന്നും ചങ്ങനാശേരിക്ക് സർവീസ് നടത്തുന്ന സ്വകാര്യബസ് തമിഴ്നാട്ടിൽ നിന്നും നിലയ്ക്കലിലേക്ക് പോവുകയായിരുന്ന വാഹനത്തിലാണ് ഇടിച്ചത്. കെ.എസ്.ആർ.ടി.സി സുപ്പർഫാസ്റ്റ് ബസുമായുള്ള മത്സരയോട്ടത്തിനിടെയാണ് സ്വകാര്യ ബസ് അപകടമുണ്ടാക്കിയത്. കെ.എസ്.ആർ.ടി.സി യെ മറികടക്കുന്നതിനിടെ തീർത്ഥാടകരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകട സാധ്യതയേറിയ മുണ്ടക്കയം - കുമളി റോഡിലും കട്ടപ്പന റോഡിലും ബസുകളുടെ അമിത വേഗതയും മത്സരയോട്ടവും പതിവാണ്. അപകടത്തിനുകാരണമായ സ്വകാര്യബസിന്റെ അമിതവേഗതയെ കുറിച്ച് മുമ്പും പരാതികൾ ഉയർന്നിരുന്നു.
തീർത്ഥാടകരുടെ വാഹനങ്ങൾ സുഗമമായി കടന്നു പോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ബസുകളുടെ മത്സരയോട്ടം തടയുന്നതിനുള്ള നടപടിയെടുക്കുമെന്നും അപകടം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും സേഫ് സോൺ ജോയിന്റ് ആർ.ടി.ഒ ജയേഷ് കുമാർ അറിയിച്ചു.