ചെറുതോണി: പ്രളയക്കെടുതിയിൽപ്പെട്ടവർക്ക് സർക്കാർ വാഗ്ദാനം നൽകിയ സഹായങ്ങളൊന്നും ഇതുവരെയും നൽകിയില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇടുക്കിയിലാണ് കാലവർഷക്കെടുതിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായിട്ടുള്ളത്. ചെറുതും വലുതുമായി അനേകം ഉരുൾപൊട്ടലുകൾ ഇടുക്കിയിലുണ്ടായി. ഇതുമൂലം നിരവധി ആളുകളുടെ വീടുകൾ നഷ്ടപ്പെടുകയും കർഷകരുടെ കൃഷി ഭൂമികളും നഷ്ടപ്പെട്ടു. ഏറ്റവും കൂടുതൽ ആളപായമുണ്ടായിട്ടുള്ളതും ഇടുക്കിയിലാണ്. ജില്ലയിൽ മുപ്പത്തിമൂവായിരം പേർ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിട്ടുണ്ടെങ്കിലും മൂവായിരത്തിയെഴുന്നൂറു പേർക്ക് മാത്രമാണ് പതിനായിരം രൂപ വീതം സഹായം നൽകിയളത്. വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവർക്കും ഒരു സഹായവും നൽകിയിട്ടില്ല. വീട് നഷ്ടപ്പെട്ടവരുടെ കണക്കെടുക്കുന്നതിന് എൻജിനീയറിംഗ് വിദ്യാർത്ഥികളെയാണ് ഉപയോഗിച്ചത്. ഇതിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അർഹരായവരെ ഒഴിവാക്കിയെന്നും ചെന്നിത്തല പറഞ്ഞു. നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് പത്തുലക്ഷം രൂപ പലിശ രഹിത വായ്പ നൽകുമെന്നുള്ള വഗ്ദാനവും നടപ്പാക്കിയിട്ടില്ല. വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ നൽകുമെന്നുള്ള വാഗ്ദാനവും നടപ്പാക്കിയിട്ടില്ല. ഓണത്തോടനബന്ധിച്ച് കുടുതൽ സ്‌റ്റോക്കെടുത്ത വ്യാപാരികളുടെ മുഴുവൻ സാധനങ്ങളും നശിച്ചുപോയെങ്കിലും ജി.എസ്.ടി.യുടെ പേരിൽ ഇപ്പോൾ നോട്ടീസയച്ച് പീഡിപ്പിക്കുകയാണ്. പ്രളയക്കെടുതിയിൽ നഷ്ടം സംഭവിച്ച വ്യാപാരികളുടെ നഷ്ടം വിലയിരുത്താൻ പോലും സർക്കാർ തയ്യാറയിട്ടില്ല. പ്രളയക്കെടുതിയൽ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളിലെല്ലാം പോകുമെന്നും ഇവിടുന്നുള്ള പരാതികൾ സർക്കാരിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, റോഷി അഗസ്റ്റിൻ എം.എൽ.എ, എം.ടി തോമസ്, ഇ.എം ആഗസ്തി, ബെന്നി ബഹനാൻ, മാത്യു കുഴൽനാടൻ, അഡ്വ. ജോയി തോമസ്, അഡ്വ. ഡീൻ കുര്യാക്കോസ്, ബിജോ മാണി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.