തൊടുപുഴ: ശബരിമല യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി സംഘപരിവാർ സംഘടനകൾ തൊടുപുഴയിൽ നടത്തിയ പ്രകടനത്തിനിടെ നേരിയ സംഘർഷം. മുനിസിപ്പൽ ബസ് സ്റ്റാന്റിന് സമീപത്ത് പൊലീസുമായി ഉന്തും തള്ളുമുണ്ടാക്കിയ പ്രതിഷേധക്കാർ മടങ്ങിവരുംവഴി സി.ഐ.ടി.യു ഓഫീസിന് നേരെ കല്ലേറുണ്ടായതാണ് കൂടുതൽ സംഘർഷത്തിന് വഴിയൊരുക്കിയത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ ശ്രീകൃഷ്ണസ്വാമിക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം മുനിസിപ്പൽ ബസ് സ്റ്റാന്റിൽ എത്തി മടങ്ങുമ്പോൾ മണക്കാട് ജംഗ്ഷനിലാണ് സംഘർഷം തുടങ്ങിയത്. പ്രതിഷേധ പ്രകടനം കടന്നുപോകുന്നതിനിടെ മണക്കാട് ജംഗ്ഷനിലെ സി.ഐ.ടി.യു ഓഫീസിന് നേരെ ആരോ കല്ലെറിഞ്ഞു. ഓഫീസ് കെട്ടിടത്തിന്റെ ജനാലചില്ലുകൾ കല്ലേറിൽ തകർന്നു. സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പ്രതികരിച്ച ബി.ജെ.പി നേതാക്കൾ കല്ലെറിഞ്ഞത് സി.പി.എം പ്രവർത്തകരാണെന്ന് ആരോപിക്കുകയും ചെയ്തു. പിന്നീട് ഇവർ തന്നെ ചൂണ്ടിക്കാട്ടിയ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാളെ സംഭവസ്ഥലത്തുവച്ചുതന്നെ വിട്ടെങ്കിലും സി.ഐ.ടി.യു ഓഫീസ് പരിസരത്തുനിന്ന് ഓടിരക്ഷപെടാൻ ശ്രമിച്ച രണ്ടാമനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ തുടങ്ങിയപ്പോൾ അത് തങ്ങളുടെ ആളാണെന്നും വിട്ടയക്കണമെന്നും ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു. ഇതിനുവഴങ്ങാതെ കസ്റ്റഡിയിലെടുത്ത ആളുമായി പൊലീസ് വാഹനം സ്റ്റേഷനിലേക്ക് പോയി. തൊട്ടുപിന്നാലെ പ്രകടനമായി എത്തിയ പ്രവർത്തകർ പൊലീസ് സ്റ്റേഷന് സമീപം പ്രധാന റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ സി.ഐ.ടി.യു ഓഫീസിന് സമീപം മറ്റൊരു ബി.ജെ.പി പ്രവർത്തകന് മർദ്ദനമേറ്റെന്ന സന്ദേശമെത്തി. അതോടെ റോഡിൽ കുത്തിയിരുന്ന പ്രതിഷേധക്കാർ സി.ഐ.ടി.യു ഓഫീസ് പരിസരത്തേക്ക് കുതിച്ചു. റോഡരുകിൽ കണ്ട കമ്പും കല്ലും പത്തലുകളുമെല്ലാം ശേഖരിച്ചുകൊണ്ടായിരുന്നു ഓട്ടം. അതേസമയം മറുവശത്ത് നൂറിലേറെ പ്രവർത്തകർ ഇരുമ്പ് കമ്പിയും മറ്റ് മാരകായുധങ്ങളുമായി സംഘടിക്കുകയും ചെയ്തു. പ്രതിഷേധക്കാർ ധന്വന്തരി ആയൂർവേദ ആശുപത്രിയുടെ സമീപത്തും ഇവരെ പ്രതിരോധിക്കാനെത്തിയ സി.ഐ.ടി.യു, സി.പി.എം പ്രവർത്തകർ മണക്കാട് ജംഗ്ഷന് സമീപത്തെ ബാർ ഹോട്ടലിന് മുമ്പിലുമായി നിലയുറപ്പിച്ച് പരസ്പരം പോർവിളി തുടങ്ങി. ഏതാണ്ട് 200 മീ. അകലത്തിൽ നിന്നായിരുന്നു പോർവിളി. തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം ഇതിന് മദ്ധ്യഭാഗത്തും നിലകൊണ്ടു. മുക്കാൽമണിക്കൂറോളം ഇരുകൂട്ടരും മുദ്രാവാക്യം വിളിച്ച് പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചു . അതിനിടെ മുളവടികളുമായി കൂടുതൽ ആർ.എസ്.എസ് പ്രവർത്തകരും സംഭവസ്ഥലത്തെത്തി. പിന്നീട് പൊലീസിന്റെ അഭ്യർത്ഥന മാനിച്ച് പ്രതിഷേധക്കാർ അവിടെനിന്ന് പിന്മാറി സ്റ്റേഷന് സമീപത്തേക്ക് താവളം മാറ്റിയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവുവന്നത്. ഇരുകൂട്ടരുടേയും നീക്കങ്ങൾ ഏറ്റുമുട്ടലിൽ കലാശിക്കുമെന്ന് ഭയന്ന വ്യാപാരികൾ കടകൾ അടച്ചുപൂട്ടി കാഴ്ചക്കാരായും നിലകൊണ്ടു. ഈ സമയമത്രയും ഇതുവഴിയുള്ള വാഹനഗതാഗതവും പൂർണമായും തടസപ്പെട്ടു. മുക്കാൽ മണിക്കൂറോളം എന്തും സംഭവിക്കാവുന്ന സ്ഥിതിയുണ്ടായെങ്കിലും പിന്നീട് എല്ലാം കെട്ടടങ്ങി. പ്രതിഷേധക്കാരുടെ പ്രകടനത്തിനിടെ സി.ഐ.ടി.യു ഓഫീസിന് കല്ലെറിഞ്ഞവരിൽ ഒരാൾ പിന്നീട് ഇതിനടുത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് എടുക്കാൻ എത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന സി.പി.എം-സി.ഐ.ടി.യു പ്രവർത്തകർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. ദേഹമാസകലം മ‌ർദ്ദനമേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.