ചെറുതോണി: ജില്ലാ ആസ്ഥാന മേഖലയിൽ ഹർത്താൽ പൂർണം. വാഹനങ്ങൾ തടഞ്ഞതിനെ തുടർന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സ്വാമി ദേവചൈതന്യ, ബി.ജെ.പി വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് പി.എസ് സുരേഷ്, ആർ എസ് എസ് കാര്യവാഹക് പ്രംകുമാർ ഉൾപ്പെടെ പതിനാറോളം ഹർത്താൽ അനുകൂലികളെ കരുതൽ തടങ്കലിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചെറുതോണിയിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നെങ്കിലും മുരിക്കാശേരി, വെൺമണി, തടിയമ്പാട് എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചു. ഇതോടെ ചെറുതോണി, തടിയമ്പാട്, കരിമ്പൻ, കഞ്ഞികുഴി, മുരിക്കാശേരി മേഖലകളിൽ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ സർവീസ് നടത്തി. സർക്കാർ ഓഫീസുകളിൽ ഹാജർനില കുറവായിരുന്നു. കളക്ടറേറ്റിൽ 135 ജീവനക്കാരിൽ 27 പേർ മാത്രമാണ് ഹാജരായത്. ചെറുതോണിയിൽ വ്യാപാരികളിൽ ഒരു വിഭാഗം കടകൾ തുറന്ന് പ്രവർത്തിക്കുന്നതിന് തയ്യാറായെങ്കിലും സംഘടനയ്ക്കുള്ളിൽ ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു.