രാജാക്കാട്: രാജകുമാരി, പൂപ്പാറ, ഉടുമ്പൻചോല, സേനാപതി പ്രദേശങ്ങളിൽ ഹർത്താൽ ഭാഗികം. രാജാക്കാട് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒമ്പതും ശാന്തമ്പാറയിൽ നിന്ന് നാല് പേരെയും പൊലീസ് കരുതൽ തടങ്കലിലെടുത്തു. രാജാക്കാട്ടിൽ കടകൾ അടപ്പിക്കാൻ ഹർത്താൽ അനുകൂലികൾ ശ്രമിച്ചെങ്കിലും പൊലീസും വ്യാപാരികളും ഇടപെട്ടതോടെ പിന്തിരിഞ്ഞു. പന്ത്രണ്ടോടെ മിക്ക സ്ഥാപനങ്ങളും തുറന്നു. വനോദ സഞ്ചാരികളുടെ വാഹനങ്ങൾ ഓടി. ബസ്, ടാക്സി വാഹനങ്ങൾ സർവീസ് നടത്തിയില്ല. തോട്ടം മേഖലയിൽ മിക്കയിടത്തും പണികൾ നടന്നു. രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിൽ ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തി. തുടർന്ന് ബി.ജെ.പി വ്യാപക അക്രമം അഴിച്ചുവിടുന്നതായി ആരോപിച്ച് സി.പി.എം പ്രവർത്തകർ പ്രതഷേധ പ്രകടനം നടത്തി. പൂപ്പാറ, ശാന്തൻപാറ എന്നിവിടങ്ങളിൽ ഉച്ചയോടെയാണ് വ്യാപാര സ്ഥാപനങ്ങൾ തുറന്നത്. തമിഴ്നാട്ടിൽ നിന്നുള്ള വാഹനങ്ങൾ സർവീസ് നടത്തി. എന്നാൽ തൊഴിലാളി വാഹനങ്ങൾ പൊതുവെ കുറവായിരുന്നതിനാൽ തോട്ടങ്ങളിൽ ജോലിക്കാർ എത്തിയില്ല.