അടിമാലി: കൊന്നത്തടി പഞ്ചായത്തിൽ നിലനിൽക്കുന്ന പുലിപ്പേടിക്ക് അറുതിയില്ല. കഴിഞ്ഞ ദിവസം പൂതാളി മേഖലയിൽ പരിസരവാസിയായ ജലീഷ് പശുവിന് പുല്ലരിയുന്നതിനിടയിൽ പുലിയെ കണ്ടതോടെയാണ് വീണ്ടും ആളുകൾക്കിടയിൽ ആശങ്ക വർദ്ധിച്ചിട്ടുള്ളത്. പുലി ഓടി മറയുന്നത് കണ്ട് ജലീഷ് ബഹളം വച്ച് വീടിനുള്ളിൽ അഭയം പ്രാപിച്ചു. തുടർന്ന് പ്രദേശവാസികളുമൊത്ത് തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. മൂന്നാഴ്ച മുമ്പ് ജലീഷിന്റെ ആട്ടിൻകുട്ടിയെ കാണാതായിരുന്നു. ആടിനെ പുലി പിടിച്ചതാകാനുള്ള സാധ്യത നാട്ടുകാർ തള്ളിക്കളയുന്നില്ല. പുലിയെ കണ്ടതായുള്ള വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്. പാറക്കെട്ടുകളും അള്ളുകളും നിറഞ്ഞ പ്രദശമായതിനാൽ പുലിയുടെ സാന്നിധ്യം തള്ളിക്കളയാനാകില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പഞ്ചായത്തിലെ പണിക്കൻകുടി കൊമ്പടിഞ്ഞാൽ മേഖലയിലായിരുന്നു ആദ്യം പുലിയിറങ്ങിയതായുള്ള അഭ്യൂഹം പരന്നത്. പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടതായിരുന്നു സംശയത്തിന് വഴിയൊരുക്കിയത്. ആളുകൾക്കിടയിൽ ആശങ്ക പരന്ന സാഹചര്യത്തിൽ പൂതാളി മേഖലയിൽ നിരീക്ഷണത്തിനായി വനംവകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പുലിയുടെ താവളം ഏറെക്കുറെ മനസിലായാൽ കെണിയൊരുക്കി പുലിയെ വലയിലാക്കമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.