മറയൂർ: മറയൂരിൽ ഹർത്താൽ പൂർണ്ണമായിരുന്നു. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. സർക്കാർ സ്ഥാപനങ്ങൾ ഒന്നും പ്രവർത്തിച്ചില്ല. കാന്തല്ലൂരിൽ 11 ശബരിമല കർമ്മസമിതി പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. പൊലീസ് വാഹനം തടഞ്ഞതിനും കല്ലെറിഞ്ഞതിനുമാണ് 11 പേരെ കസ്റ്റഡിയിൽ എടുത്തത്. മറയൂരിൽ ജയകുമാർ, സതീഷ് എന്നീ ബി.ജെ.പി നേതാക്കളെയാണ് രാവിലെ പൊലീസ് കരുതൽ തടങ്കലിലാക്കി. മറയൂർ ടൗൺ, ബാബുനഗർ, കാന്തല്ലൂർ ടൗൺ, കോവിൽക്കടവ് എന്നിവിടങ്ങളിൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. തമിഴ്നാട്ടിൽ നിന്ന് വാഹനങ്ങൾ ഒന്നും അതിർത്തി കടന്ന് എത്തിയില്ല. കാന്തല്ലൂരിൽ കസ്റ്റഡിയിൽ എടുത്തവരിൽ സി.പി.എം, കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരുണ്ട്. കാന്തല്ലൂർ സ്വദേശികളായ കെ.സി. രാജൻ, കെ.കെ. ബാലൻ, നാഗരാജ്. കെ.പി, സുരേഷ്. എം, കെ. മുരുകൻ, രമേശ് കണ്ണൻ, മഹാലിംഗം. ആർ, മണി എം, രമേഷ് പി, ബാലുരുകൻ എം.ആർ, രാമമൂർത്തി എന്നിവരെയാണ് മറയൂർ എസ്.ഐ ജി.അജയകുമാർ, അഡീഷണൽ എസ്.ഐ റ്റി.ആർ.രാജൻ എന്നിവരുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തത്.