മുട്ടം: ഹോമിയോ വകുപ്പിന്റെ കീഴിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ആശുപത്രികളിലേക്കും ഡിസ്‌പൻസറികളിലേക്കും മരുന്നുകൾ വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള ജില്ലാ മെഡിക്കൽ സ്റ്റോർ നിർമ്മാണം മുട്ടത്ത് പൂർത്തിയാകുന്നു. മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയോടനുബന്ധിച്ചാണ് മെഡിക്കൽ സ്റ്റോർ പൂർത്തിയാകുന്നത്. 1183 ചതുരശ്ര അടി വിസ്തൃതിയുള്ള മെഡിക്കൽ സ്റ്റോറിന്റെ നിർമ്മാണം ഈ മാസം അവസാനത്തോടെ പൂർത്തിയാക്കി ഫെബ്രുവരി ആദ്യ ആഴ്ചയിൽ പ്രവർത്തന സജ്ജമാക്കാനാണ് ഹോമിയോ വകുപ്പ് ലക്ഷ്യമിടുന്നത്. ദീർഘ കാലം മരുന്നുകൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റോറാണ് ഇവിടെ പൂർത്തിയാവുന്നത്. കെട്ടിട നിർമ്മാണം ഒന്നാം ഘട്ടം പൂർത്തിയായി. റാക്കുകൾ, മറ്റ് അനുബന്ധ സൗകര്യങ്ങൾ, വൈദ്യുതി, ജല ലഭ്യത, ടൈൽസ് പാകൽ, പെയിന്റിംഗ് തുടങ്ങിയവയാണ് അടുത്ത ഘട്ടത്തിൽ നടപ്പിലാക്കുന്നത്. ഹോമിയോ വകുപ്പിലെ 25 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് സ്റ്റോർ നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട നിർമ്മാണ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് സ്റ്റോറിന്റെ നിർമ്മാണം.