തൊടുപുഴ: ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താൽ തൊടുപുഴയിൽ സമാധാനപരമായിരുന്നു. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച വൈകിട്ട് ബി.ജെ.പി പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തുന്നതിനിടെ സി.ഐ.ടി.യു ഓഫീസിനുനേരെ കല്ലേറും സംഘർഷവും ഉണ്ടായ പശ്ചാത്തലത്തിൽ ഇന്നലത്തെ ഹർത്താൽ പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. അക്രമം കാട്ടുന്നവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പും പൊലീസ് നൽകിയിരുന്നു. ശബരിമല കർമ്മസമിതി പ്രവർത്തകർ രാവിലെ നഗരത്തിൽ പ്രകടനം നടത്തിയതൊഴിച്ചാൽ പിന്നീട് ഹർത്താലിന്റേതായ യാതൊരു കോലാഹലങ്ങളുമുണ്ടായില്ല. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ഹർത്താൽ വിരുദ്ധ പ്രഖ്യാപനം ഫലം കണ്ടില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ ഓടിയതൊഴിച്ചാൽ നിരത്തുകളും വിജനമായിരുന്നു.