മുട്ടം: ഹർത്താലിൽ മുട്ടം, മൂലമറ്റം മേഖലയിൽ സമാധാനപരമായിരുന്നു. ഇരുചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളും ഒഴികെ മറ്റ് വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. രാവിലെ മുട്ടം, കുടയത്തൂർ, മൂലമറ്റം മേഖലകളിൽ ശബരിമല കർമ്മസമിതി പ്രവർത്തകർ പ്രകടനം നടത്തി. ഈ പ്രദേശത്തുള്ള വ്യാപാരികൾ ഒന്നടങ്കം കടകൾ തുറക്കുമെന്ന് പറഞ്ഞെങ്കിലും തുറന്നിരുന്നില്ല. അങ്ങിങ്ങ് തുറന്ന രണ്ട് മൂന്ന് കടകൾ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. ഹർത്താലിന് മുന്നോടിയായി കർമ്മസമിതി പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തിരുന്നു. മൂലമറ്റത്ത് നിന്ന് ഡി. രാജീവ് ഷാജി ചിത്തിര, ഷാൻ മണപ്പാടി, എന്നിവരെയും പൂമാലയിൽ നിന്ന് അരുണിനെയും ബുധനാഴ്ച അർദ്ധരാത്രി വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇന്നലെ രാവിലെ കുടയത്തൂരിൽ നിന്ന് സിജു കണ്ടത്തിൽ, ഹരി നെല്ലാനിക്കൽ എന്നിവരെയും കാഞ്ഞാർ എസ്.ഐ സിനോദിന്റെ നേതൃത്വത്തിൽ കരുതൽ തടങ്കലിൽ എടുത്തു.