ഉടുമ്പന്നൂർ: സി.പി.എം ഉടുമ്പന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസിനുനേർക്ക് ബൈക്കിലെത്തിയ ഒരു സംഘം കല്ലെറിഞ്ഞു. ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. ഇന്നലെ രാവിലെ പത്തോടെയാണ് കല്ലേറുണ്ടായത്. ബൈക്കിൽ നിന്നിറങ്ങി കല്ലെറിയുന്നതിനിടയിൽ കരിമണ്ണൂർ പള്ളിക്കാമുറി സ്വദേശി ചറമ്പേൽ സി.എൻ. മോഹനൻ കാൽവഴുതി വീണു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇയാളെ പിടികൂടി. ഉച്ചയോടെ പാർട്ടി ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന സി.പി.എം അമയപ്ര കോട്ടക്കവല ബ്രാഞ്ച് സെക്രട്ടറി എ.ബി. ഷക്കീറിനെ ഒരു സംഘം മാരകായുധങ്ങളുമായി ആക്രമിച്ചു. കമ്പിവടികൊണ്ടുള്ള അടിയേറ്റ് സാരമായി പരിക്കേറ്റ ഷക്കീറിനെ തൊടുപുഴയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പാർട്ടി ഓഫീസിലെത്തിയ പ്രവർത്തകർ ഉടുമ്പന്നൂർ ടൗണിൽ പ്രകടനവും യോഗവും നടത്തി. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി.പി. സുമേഷ്, പാർട്ടി ഉടുമ്പന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ലതീഷ് എന്നിവർ സംസാരിച്ചു. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തിൽ പത്തുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.