കട്ടപ്പന: ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ഹൈറേഞ്ച് മേഖലയിൽ ഭാഗികം. കടകൾ തുറക്കുമെന്ന് വ്യാപാര സംഘടനകളുടെ ആഹ്വാനം പലയിടങ്ങളിലും ചെറിയ തോതിലുള്ള സംഘർഷങ്ങൾക്ക് വഴിയൊരുക്കി. മുരിക്കാശേരി, തങ്കമണി, വെൺമണി, ഉടുമ്പൻചോല, ഉപ്പുതറ, കുമളി, വെള്ളാരംകുന്ന് തുടങ്ങിയ മേഖലകളിൽ പല കടകളും തുറന്നു. കടകൾ തുറന്നതിനെ തുടർന്ന് ഉപ്പുതറയിൽ വ്യാപാരികളും ഹർത്താൽ അനുകൂലികളും തമ്മിൽ വാക്കുതർക്കം ഉണ്ടായി. കടകൾ തുറന്ന മേഖലകളിൽ എല്ലാം തന്നെ വ്യാപാരികളുടെ നേതൃത്വത്തിൽ ഹർത്താൽ വിരുദ്ധ പ്രകടനങ്ങളും നടന്നു. ജില്ലയിലെ വിവിധ മേഖലകളിൽ ഹർത്താൽ അനുകൂലികൾ പ്രകടനങ്ങൾ നടത്തി. നെടുങ്കണ്ടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. ഹർത്താലിന്റെ മറവിൽ നടന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് നെടുങ്കണ്ടത്ത് സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ വാഹനങ്ങൾ തടയുന്നതിനിടയിൽ കല്ലുമായെത്തിയ ഹർത്താൽ അനുകൂലിയെ പൊലീസ് അറസ്റ്റു ചെയ്തു. ഇത് പൊലീസും ഹർത്താൽ അനുകൂലികളും തമ്മിൽ ചെറിയ വാക്കേറ്റത്തിന് കാരണമായി. ഹൈറേഞ്ചിലെ ചെറു സിറ്റികളിൽ പോലും വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ഹർത്താൽ വിരുദ്ധ പ്രവർത്തനങ്ങൾ ഫലം കണ്ടപ്പോൾ കട്ടപ്പനയിൽ ഫലംകണ്ടില്ല. കട്ടപ്പന യൂണിറ്റ് ഭാരവാഹിയും ജില്ലാ നേതാവും കട്ടപ്പനയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ചേന്നാട്ടുമറ്റം ജംഗ്ഷനിലുള്ള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിന്റെ കട തുറക്കാൻ ശ്രമിക്കുകയും സമരക്കാർ എത്തിയതോടെ അടയ്ക്കുകയും ചെയ്തു.
കട്ടപ്പനയിൽ 60 പേർ കരുതൽ തടങ്കലിൽ
ഹർത്താലുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനായി കട്ടപ്പന ഡി.വൈ.എസ്.പി ഓഫീസ് പരിധിയിൽ 60 പേരെ പൊലീസ് കരുതൽ തടങ്കലിലാക്കി. കട്ടപ്പന-20, നെടുങ്കണ്ടം- ആറ്, കമ്പംമെട്ട്- എട്ട്, വണ്ടൻമേട്- ആറ്, വണ്ടിപ്പെരിയാർ- എട്ട്, പീരുമേട്- അഞ്ച്, കുമളി- ഏഴ്. ഹർത്താലുമായി ബന്ധപ്പെട്ട് 31 കേസുകൾ കട്ടപ്പന ഡി.വൈ.എസ്.പി ഓഫീസ് പരിധിയിൽ രജിസ്റ്റർ ചെയ്തതായി ഡി.വൈ.എസ്.പി എൻ.സി രാജ് മോഹൻ കേരളകൗമുദിയോട് പറഞ്ഞു.