മറയൂർ: ചിന്നാർ വനത്തിനുള്ളിൽ മീൻ പിടിക്കാൻ പോയ ആദിവാസിക്ക് കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്ക്. കാന്തല്ലൂർ പഞ്ചായത്തിൽ ചമ്പക്കാട് ആദിവാസി കോളനി സ്വദേശി ചിന്ന ചടയനെയാണ് (60) വ്യാഴാഴ്ച വൈകിട്ട് ആറിന് ഒറ്റയാൻ ആക്രമിച്ചത്. മീൻ പിടിച്ച് മകൻ ചന്ദ്രനും ബന്ധു മുനീഷ് കുമാറുമായി തിരികെ കുടിയിലേക്ക് വരും വഴിയാണ് ചമ്പക്കാട് പാലത്തിന് താഴെ വച്ച് ഒറ്റയാന്റെ മുമ്പിൽ പെട്ടത്. ചന്ദ്രനും മുനീഷ് കുമാറും ഓടി രക്ഷപ്പെട്ടു. ഒറ്റയാന്റെ തുമ്പികൈ കൊണ്ടുള്ള അടിയേറ്റ് വീണെങ്കിലും എഴുന്നേറ്റ് ഓടി രക്ഷപ്പെടുകയായിരുന്നു. ചന്ദ്രനും മുനീഷ് കുമാറും വീണ്ടുമെത്തി ചിന്ന ചടയനെ ചമ്പക്കാട്ടിൽ എത്തിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. വനം വകുപ്പ് ജീപ്പിൽ മറയൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഈ മേഖലയിൽ കഴിഞ്ഞ ദിവസം ഒറ്റയാന്റെ ആക്രമണത്തിൽ മറയൂർ പട്ടിക്കാട് സ്വദേശി നാഗരാജ് കൊല്ലപ്പെട്ടിരുന്നു.