അടിമാലി: സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഒരു സംഘം ആക്രമിച്ച് ശരീരത്ത് പൊള്ളലേൽപ്പിച്ചതായി പരാതി. രാജാക്കാട് മമ്മട്ടിക്കാനം സ്വദേശിയായ പുത്തൻപറമ്പിൽ ജോൺസനാണ് (28) പൊള്ളലേറ്റത്. വ്യാജമദ്യവിൽപ്പനയ്ക്കെതിരെ പൊലീസിന് വിവരം നൽകിയതിന്റെ വൈരാഗ്യത്തിലായിരുന്നു അക്രമമെന്ന് ഇയാൾ പരാതിയിൽ പറയുന്നു. ഡിസംബർ 31ന് രാത്രി പത്തരയോടെ സ്‌കൂട്ടറിൽ രാജാക്കാട് നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മമ്മട്ടിക്കാനത്ത് വച്ച് ഒരു പറ്റം ആളുകൾ ചേർന്ന് തന്റെ നേർക്ക് പടക്കം കത്തിച്ചെറിഞ്ഞെന്ന് ജോൺസൻ പറയുന്നു. പടക്കം പൊട്ടിയതിന്റെ ആഘാതത്തിൽ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തെറിച്ചു വീണ തന്നെ വലിച്ചിഴച്ച് സമീപത്തുണ്ടായിരുന്ന തീക്കുണ്ഡത്തിൽ നിന്ന് പൊള്ളലേൽപ്പിച്ചതായും യുവാവ് പറഞ്ഞു. അരയിലും തുടയിലും പരിക്കേറ്റ ജോൺസൻ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദന ശേഷം ആക്രമികൾ തന്റെ സ്‌കൂട്ടർ തകർത്തതായും ജോൺസൻ പരാതിപ്പെട്ടു. മുമ്പ് പ്രദേശത്ത് വ്യാജമദ്യം വിറ്റതിന് പൊലീസ് പിടിയിലായവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ രാജാക്കാട് പൊലീസ് യുവാവിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.