അടിമാലി: മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കൂടിയതോടെ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനംമേഖലയിൽ ഗതാഗതക്കുരുക്കേറി. ക്രിസ്‌മസ്- പുതുവത്സാരാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയിലധികമായി മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. മൂന്നാറിലെ താപനില പൂജ്യത്തിലും താഴെയായതോടെ തിരക്ക് ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്നാണ് വിലയിരുത്തൽ. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനംമേഖലയിൽ വാഹനങ്ങൾ കുരുങ്ങുന്നത് സഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. മണിക്കൂറുകളോളം കുരുക്കിൽ കിടന്ന ശേഷമാണ് സഞ്ചാരികൾക്ക് മൂന്നാറിലേക്ക് എത്തിപ്പെടാനാകുന്നത്.
കുരുക്കിന് കാരണം നിർമ്മാണപ്രവർത്തനം
ദേശീയപാത വികസനത്തിന്റെ ഭാഗമായി നടന്നു വരുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. ദേശീയപാതയോരത്ത് സാധനസാമഗ്രികൾ കൊണ്ടിറക്കിയിരിക്കുന്നതിനാൽ വാഹനങ്ങൾക്ക് വേണ്ട വിധം കടന്നു പോകാനാകുന്നില്ല. കരാറുകാരോട് പായോരത്ത് നിന്ന് മാറ്റി നിർമ്മാണ സാമഗ്രികൾ കൊണ്ടിറക്കാൻ തങ്ങൾക്ക് നിർദ്ദേശിക്കാനാകില്ലെന്ന് ദേശീയപാത വിഭാഗവും പറയുന്നു. മാസങ്ങളായി നടന്നു വരുന്ന നിർമ്മാണ ജോലികൾ ഇഴഞ്ഞ് നീങ്ങുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. മൂവാറ്റുപുഴ കക്കടാശ്ശേരി മുതൽ ഇരുമ്പുപാലം വരെയുള്ള ഭാഗത്തെ നിർമ്മാണ ജോലികൾക്കായി 51 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കരാർ പ്രകാരം നിർമ്മാണ ജോലികൾ ഫെബ്രുവരിയിൽ തീരേണ്ടതാണ്. എന്നാൽ ഇതുവരെ പാതി ജോലികൾ പോലുമായിട്ടില്ല. അടിമാലി മുതൽ മൂന്നാർ വരെയുള്ള ഭാഗത്തും നിർമ്മാണ ജോലികൾ നടക്കുകയാണ്. കലുങ്ക് നിർമ്മാണം നടക്കുന്ന കൂമ്പൻപാറയ്ക്ക് സമീപം ദിവസവും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.