നെടുങ്കണ്ടം: നെടുങ്കണ്ടത്തുള്ള ജില്ലയിലെ ഏക എൻ.സി.സി ബറ്റാലിയൻ വർഷങ്ങളായി പ്രവർത്തിക്കുന്നത് ഇടുങ്ങിയ രണ്ട് മുറികളിൽ. 33 കേരള എൻ.സി.സി ബറ്റാലിയനിലെ നാല്പതോളം ജീവനക്കാർ ഭൂമിയോ കെട്ടിടമോ ഇല്ലാത്തതിനാൽ ജോലിചെയ്യുന്നത് തീർത്തും പരിമിതമായ സാഹചര്യങ്ങളിലാണ്. പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ ആർമി വാഹനങ്ങൾ നിറുത്തിയിടുന്നത് സ്വകാര്യ ഭൂമിയിൽ മറ്റ് വാഹനങ്ങൾക്കൊപ്പം. യൂണിറ്റ് പ്രവർത്തിയ്ക്കുന്നത് പഞ്ചായത്ത് സ്റ്റേഡിയത്തില രണ്ട് ചെറിയ മുറികളിലാണ്‌. കേഡറ്റുകൾക്ക് പരിശീലനം നൽകുന്നതിനുള്ള ആർമി പരിശീലകർ, ജൂനിയർ സൂപ്രണ്ട്, ക്ലറിക്കൽ ജീവനക്കാർ, ലാസ്റ്റ് ഗ്രേഡ് സെർവന്റ് തുടങ്ങിയ ജീവനക്കാരാണ് ഇവിടെയുള്ളത്. ഇവർക്ക് ഒരേസമയം കയറി നിൽക്കുന്നതിനുള്ള സൗകര്യം പോലും ഇവിടെയില്ല. സ്ഥല പരിമിതി മൂലം ബറ്റാലിയന്റെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സ്വകാര്യ ഭൂമിയിലാണ്. മറ്റ് വാഹനങ്ങളുടെ ഒപ്പമാണ് ആർമി വാഹനവും നിറുത്തിയിടുന്നത്. കെ.എസ്.ആർ.ടി.സി ബസുകൾ പാർക്ക് ചെയ്യുന്നതിനാൽ സ്റ്റേഡിയത്തിനുള്ളിലും ആവശ്യത്തിന് സ്ഥലമില്ല. ബറ്റാലിയന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടക്കുന്നതിന് ടൗണിൽ സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിക്കേണ്ടതുണ്ട്. എന്നാൽ ഇതിനുള്ള അപേക്ഷ ബറ്റാലിയൻ നൽകിയാൽ മാത്രമേ തുടർ പ്രവർത്തനങ്ങൾ നടത്താൻ കഴിയൂവെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.