രാജാക്കാട്: മുട്ടുകാട്ടിലെ നെൽപാടങ്ങളിൽ കേൾക്കുന്നത് അന്യസംസ്ഥാനങ്ങളിലെ ഞാറ്റുപാട്ട്. പ്രദേശവാസികളായ തൊഴിലാളികളെ കിട്ടാതെ വന്നതോടെയാണ് അന്യ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കൊയ്ത് മെതിച്ചത്. ഹൈറേഞ്ചിന്റെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാട്ടിൽ കുടിയേറ്റ കാലത്ത് ആരംഭിച്ച കാർഷിക സംസ്‌കാരത്തിന്റെ ഭാഗമാണ് നെൽകൃഷി. ജില്ലയിൽ ഏറ്റവുമധികം നെൽപ്പാടമുള്ള പ്രദേശവുമിതാണ്. പാടശേഖരത്തിന്റെ വ്യാപ്തി കുറഞ്ഞെങ്കിലും അടുത്ത കാലം വരെ ഇരുപ്പു കൃഷി ചെയ്തിരുന്നതാണ്. എന്നാൽ കാലാവാസ്ഥ ആകെ തകിടം മറിഞ്ഞതോടെ ഇത് ആണ്ടിൽ ഒന്നായി ചുരുക്കേണ്ടിവന്നു. ലാഭനഷ്ടങ്ങൾ നോക്കാതെ ഇത്തവണയും കടം വാങ്ങിയും പലിശയ്‌ക്കെടുത്തും വിളവിറക്കിയെങ്കിലും പ്രളയകാലത്ത് മലനിരകളിൽ നിന്ന് ഒഴുകിയിറങ്ങിയ വെള്ളവും ചെളിയും പാടങ്ങളെ അപ്പാടെ മുക്കിക്കളഞ്ഞു. മനസ് മടുക്കാതെ ഈ കർഷകർ ഏറെ കഷ്ടപ്പെട്ട് വീണ്ടും നിലങ്ങൾ ഒരുക്കി വിത്തെറിഞ്ഞ് പൊന്നുപോലെ പരിപാലിച്ചു. വിളവെടുപ്പിന് പാകമായിട്ടും കൊയ്‌തെടുക്കാൻ ആളെ കിട്ടിയില്ല. കൊയ്ത്ത് യന്ത്രങ്ങൾ ഉണ്ടെങ്കിലും താഴ്ചയുള്ള കണ്ടങ്ങളിൽ ആളിറങ്ങി കൊയ്യാതെ രക്ഷയില്ല. ഈ സാഹചര്യത്തിലാണ് അന്യസംസ്ഥാന തൊഴിലാളികളെ പാടത്തിറക്കി വിളവെടുപ്പ് ആരംഭിച്ചിരിക്കുന്നത്. സർക്കാരിൽ നിന്ന് ആവശ്യമായ സഹായങ്ങൾ ലഭിയ്ക്കുന്നില്ലെന്നാണ് നഷ്ടം നോക്കാതെ കൃഷി മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്ന ഈ കർഷകരുടെ പരാതി.