പൈനാവ്: ലോകസഭാ തിരഞ്ഞെടുപ്പടുക്കുംതോറും ഇടുക്കിയിൽ ഇടത്- വലത് മുന്നണികളിൽ ആഭ്യന്തര കലഹം രൂക്ഷമായി. ജനാധിപത്യ കേരളാ കോൺഗ്രസ് മുന്നണിയിൽ പ്രവേശിച്ചതോടുകൂടിയാണ് ഇടതു മുന്നണിയിൽ പ്രശ്നങ്ങൾ മുള പൊട്ടിയത്. ചെയർമാൻ കെ. ഫ്രാൻസിസ് ജോർജിന്റെ മുന്നണി പ്രവേശനത്തോടെ സിറ്റിംഗ് എം.പിയായ ജോയ്സ് ജോർജ്ജിന് സീറ്റ് നൽകരുതെന്ന പ്രചാരണം ഒരു വിഭാഗം നടത്തുന്നുണ്ട്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ശക്തി ക്ഷയിച്ചതും ഇവരുടെ വാദത്തിന് ബലമേകുന്നു. കഴിഞ്ഞ കാലങ്ങളിലൊന്നും ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് ഒരു പരിപാടിയിലും ജനപങ്കാളിത്തം ഉറപ്പു വരുത്താൻ കഴിഞ്ഞില്ലെന്നതാണ് ഇവരുടെ വാദം. ഇടുക്കി രൂപതാ മെത്രാൻ രാഷ്ട്രീയ പ്രവർത്തനത്തെ എതിർക്കുന്നതും സമിതിക്ക് കനത്ത പ്രഹരമായി. ഈ സാഹചര്യത്തിലാണ് ഫ്രാൻസീസ് ജോർജ്ജിന്റെ ജനകീയത മുതലെടുത്ത് സീറ്റ് നില നിറുത്താൻ ലക്ഷ്യമിടുന്നത്. മുമ്പ് എം.എം. ലോറൻസ് ഇടുക്കിയിൽ നിന്ന് വിജയിച്ചതൊഴിച്ചാൽ ഇടതുപക്ഷം സീറ്റ് പിടിച്ചെടുത്തത് 2014ൽ ജോയ്സ് ജോർജിലൂടെയാണ്. സ്വതന്ത്രനായി മത്സരിച്ച ജോയ്സ് ജോർജ്ജ് 50400 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സ്വതന്ത്രനെങ്കിലും ഇടതുപക്ഷത്തോട് കൂറുപുലർത്തി സി.പി.എം പാർലമെന്ററി അംഗമായി തുടരുകയായിരുന്നു. ഒന്നര ലക്ഷത്തോളം ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിച്ചിരുന്ന മണ്ഡലം തിരിച്ചു പിടിച്ച ജോയിസ് തന്നെ വീണ്ടും മത്സരിക്കണമെന്നതാണ് മറു ഭാഗത്തിന്റെ ആവശ്യം. പകരം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഫ്രാൻസീസ് ജോർജ്ജിന് സീറ്റു നൽകി പ്രശ്നം പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സി.പി.എം നേതാക്കളായ മന്ത്രി എം.എം. മണിയും, ജില്ലാ സെക്രട്ടേറിയറ്റംഗം സി.വി. വർഗീസും എടുക്കുന്ന തീരുമാനമാകും അന്തിമം. യു.ഡി.എഫിൽ സ്ഥാനാർത്ഥി മോഹികളുടെ നീണ്ട നിരയാണുള്ളത്. ഉമ്മൻ ചാണ്ടി മുതൽ റോയ് കെ പൗലോസ് വരെയുമുള്ള പേരുകൾ മണ്ഡലത്തിൽ സജീവ ചർച്ചയാണ്. കൂടാതെ ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ, ബെന്നി ബെഹ്നാൻ, ഇ.എം. ആഗസ്തി എന്നിവരുടെ പേരുകളും ഗ്രൂപ്പടിസ്ഥാനത്തിൽ ചർച്ചയാണ്. ഉമ്മൻ ചാണ്ടിയെ പാർലമെന്റിലേയ്ക്കയച്ച് കേരള രാഷ്ട്രീയത്തിൽ രമേശ് ചെന്നിത്തലയ്ക്ക് ഇരിപ്പിടം ഉറപ്പിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. എന്നാൽ ഇടുക്കിയിൽ തന്നെയുള്ള സ്ഥാനാർത്ഥി മതിയെന്നാണ് പാർട്ടി നിലപാടത്രേ. ഇങ്ങനെ വന്നാൽ മാത്യു കുഴൽനാടനാണ് പട്ടികയിൽ ഒന്നാമൻ. ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ കെ. ഫ്രാൻസീസ് ജോർജ്ജിനെ ഇടതു മുന്നണിയിൽ പ്രവേശിക്കുന്നതിന് മുമ്പ് യു.ഡി.എഫിൽ എത്തിക്കാനും ശ്രമം നടന്നിരുന്നു. പാർലമെന്റ് സീറ്റ് വാഗ്ദാനം ചെയ്താണ് ചർച്ച നടത്തിയത്. എന്നാൽ കെ.എം. മാണിയുടെ ശക്തമായ എതിർപ്പാണ് തടസമായത്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കോട്ടയത്ത് ചർച്ച നടത്താൻ ഇടുക്കിയിലെ മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയാണ് ചുക്കാൻ പിടിച്ചത്. ഇത് പരാജയപ്പെട്ടതോടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥി മോഹികൾ സജീവമായത്. ഗ്രൂപ്പ് രാഷ്ട്രീയം ഫലം നിശ്ചയിക്കുന്ന ഇടുക്കിയിൽ ആര് വന്നാലും എതിർവിഭാഗം തിരിച്ചു കുത്തുന്നത് പതിവാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസിന്റെ പരാജയം ഇതിന് ഉദാഹരണമാണ്. ഉന്നത നേതാവടക്കം സ്വന്തം സ്ഥാനാർത്ഥിയെ തോൽപിക്കാൻ പ്രവർത്തിച്ചിട്ടും അന്വേക്ഷണ കമ്മിഷൻ റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല.